“എന്ത് വിധിയിത്… വല്ലാത്ത ചതിയിത്…” ‘തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ പുതിയ പാട്ടെത്തി
മലയാളികളുടെ പ്രിയതാരം വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക സ്വീകാര്യനായ മാത്യു തോമസും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. മൂക്കുത്തി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ഗിരീഷ് എ ഡിയാണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അള്ള് രാമേന്ദ്രന്, പോരാട്ടം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ് ഗിരീഷ്. തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനവും പുറത്തെത്തി. ‘എന്ത് വിധിയിത്… വല്ലാത്ത ചതിയിത്…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിയ്ക്കുന്നത്. മനോഹരമായ സ്കൂള്‍ ഓര്‍മ്മകള്‍ സമ്മാനിയ്ക്കുന്ന ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന് വര്‍ഗീസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
ചിത്രത്തിന്റേതായി മറ്റ് രണ്ട് ഗാനങ്ങളും പുറത്തെത്തിയിരുന്നു. ഈ ഗാനങ്ങള്‍ക്കും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ശ്യാമ വര്‍ണ്ണരൂപിണി എന്നു തുടങ്ങുന്നതാണ് ചിത്രത്തിലെ ഒരുഗാനം. പരമ്പരാഗത ഗാനത്തിന്റെ വരികളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. പ്രദീപ് പള്ളുരുത്തിയാണ് ഗാനത്തിന്റെ ആലാപനം.
Read more:‘അമ്പിളി’യിലെ ജാക്സണ് പാട്ടിന് ചുവടുവച്ച് കുഞ്ചാക്കോ ബോബനും സൗബിനും: വീഡിയോ
അതേസമയം ചിത്രത്തിലെ മറ്റൊരു ഗാനവും മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. ‘ജാതിക്കാത്തോട്ടം എജ്ജാതി നിന്റെ നോട്ടം’ എന്നു തുടങ്ങുന്ന ഗാനം ആസ്വാദകന്റെ ഉള്ളിലേയ്ക്ക് മനോഹരമായ ഒരു മഴ പോലെ പെയ്തിറങ്ങുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ ഗാനമാണ് ഇത്. സൗമ്യ രാമകൃഷ്ണനും സംഗീത സംവിധായകന് ബിജിബാലിന്റെ മകന് ദേവദത്ത് ബിജിബാലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുഹൈല്‍ കോയയുടേതാണ് ഗാനത്തിലെ വരികള്‍.
പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്സിന്റെയും ബാനറില്‍ ജോമോന് ടി ജോണും ഷെബിന്‍ ബക്കറും ഷമീര്‍ മുഹമ്മദും ചേര്‍ന്നാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയുടെ നിര്‍മ്മാണം. സ്കൂള്‍ പശ്ചാത്തലമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.