പ്രളയത്തിന്റെ ഓർമ്മപെടുത്തലുമായി വാട്ടര്‍ ലെവല്‍ ഡോക്യുമെന്ററി; ടീസര്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍
നെഞ്ച് പൊള്ളുന്ന ഒരു വിങ്ങലോടെയല്ലാതെ കേരളക്കരയ്ക്ക് പ്രളയ കാലത്തെ ഓര്‍ക്കാനാവില്ല. പ്രളയം പ്രമേയമാക്കി ഒരുങ്ങുന്ന പുതിയ ഡോക്യൂമെന്ററിയുടെ ടീസർ മോഹൻലാൽ പ്രകാശനം ചെയ്തു. ഡോ.എം.കെ മുനീര്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കുന്ന ഡോക്യമെന്ററി പ്രളയത്തിന് മുമ്പ്, പ്രളയ സമയം, പ്രളയത്തിന് ശേഷം, വരാനിരിക്കുന്ന പ്രളയം എന്നീ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
വരും വർഷങ്ങളിലും പ്രളയം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. അതുകൊണ്ടുതന്നെ ഇതിനെ എങ്ങനെ അതിജീവിക്കാം എന്നും ഡോക്യമെന്ററി പറയുന്നു. സംവിധായകന് സിദ്ദിഖ്, നടന്മാരായ ടിനി ടോം, ഇര്‍ഷാദ്, വിഷ്ണു ഉണ്ണികൃഷ്ണന്, കാമറാമാന് ജിത്തു ദാമോദര്‍, മിർണ മേനോൻ, ലിജു, മുഹമ്മദ് റാഫി എന്നിവരും ഡോക്യൂമെന്ററിയുടെ ടൈറ്റിൽ ടീസർ പ്രകാശനത്തിൽ പങ്കെടുത്തു. ഫൈസല്‍ നൂറുദ്ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ നോവിന് വാസുദേവാണ്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി അരുണ്‍കുമാറാണ് രചന നിർവഹിക്കുന്നത്.