ഡ്യൂറന്‍റ് കപ്പ്’ ആവേശപ്പോരാട്ടത്തിനൊരുങ്ങി ഗോകുലം എഫ്‌സി, എതിരാളികള്‍ മോഹന്‍ ബഗാന്‍

August 24, 2019

ചരിത്രം കുറിക്കാനുള്ള ഒരുക്കത്തിലാണ് ഗോകുലം കേരള എഫ്‌സി. ഡ്യൂറന്റ് കപ്പ് കിരീട പോരാട്ടത്തില്‍ ഗോകുലം എഫ്‌സി ഇന്ന് മോഹന്‍ ബഗാനെ നേരിടും. വൈകിട്ട് അഞ്ച് മണിക്ക് സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍വച്ചാണ് ഈ ആവേശപ്പോരാട്ടം. ജയിച്ചാല്‍  ഡ്യൂറന്‍റ്  കപ്പ് സ്വന്തമാക്കുന്ന രണ്ടാമത്തെ കേരള ടീമായി ഗോകുലം എഫ്‌സി മാറും. എഫ്‌സി കൊച്ചിന്‍ ആണ് ഈ നേട്ടം കൊയ്ത ആദ്യ ടീം.

ഗ്രൂപ്പില്‍ തോല്‍വിയറിയാതെ സെമിയിലെത്തിയ ടീമാണ് ഗോകുലം എഫ്‌സി. സെമിഫൈനലില്‍ ആതിഥേയരായ ഈസ്റ്റ് ബംഗാളിനെ ഷൂട്ടൗട്ടില്‍ കീഴടക്കി ഗോകുലം ഫൈനല്‍ പോരാട്ടത്തിനൊരുങ്ങി. നായകന്‍ മാര്‍ക്കസ് ജോസഫിന്റെ കരുത്തിലാണ് ഇന്ന് താരങ്ങള്‍ കളത്തിലിറങ്ങുന്നത്. വിങ്ങര്‍മാരായ മാലേംഗാമ്പ മീത്തിയും ഷിബില്‍ മുഹമ്മദും ഡിഫന്‍സീവ് മിഡ്-ഫീല്‍ഡറായ  മുഹമ്മദ് റാഷിദും ടീമിന് പ്രതീക്ഷ നല്‍കുന്നു. ആന്ദ്രെ എറ്റീന്‍, ഇര്‍ഷാദ്, ജസ്റ്റിന്‍ ജോര്‍ജ് എന്നിവര്‍ കളിക്കുന്ന പ്രതിരോധവും പ്രശംസനീയമാണ്. സെമിയില്‍ അത്ഭുതപ്പെടുത്തിയ ഗോള്‍ കീപ്പര്‍ ഉബൈദും ഗോകുലം കേരള എഫ്‌സി ടീമിന് കൂടുതല്‍ കരുത്ത് പകരുന്നു.

Read more:നടൻ സെന്തിൽ കൃഷ്ണ വിവാഹിതനായി; ചിത്രങ്ങൾ കാണാം

അതേസമയം കിരീടപോരാട്ടത്തില്‍ മോഹന്‍ ബഗാനുള്ള പ്രതീക്ഷയും ചെറുതല്ല. സാല്‍വ ചമോറോ, ജോസെബ ബെയ്റ്റിയ, ഫ്രാന്‍ ഗോണ്‍സാലസ് തുടങ്ങിയ താരങ്ങളാണ് മോഹന്‍ ബഗാന്റെ കരുത്ത്. അതേസമയം മത്സരത്തില്‍ മോഹന്‍ ബഗാന്‍ ജയിച്ചാല്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ടീം എന്ന റെക്കോര്‍ഡും ബഗാന്റെ പേരിലാകും. നിലവില്‍ 16 കിരീടങ്ങളുമായി മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ഒപ്പമാണ്.

1997-ല്‍ എഫ്‌സി കൊച്ചിന്‍ കിരീടം നേടുമ്പോഴും ഫൈനല്‍ പോരാട്ടത്തില്‍ ബഗാനായിരുന്നു എതിരാളികള്‍.