എന്തൊരു സ്കില്ലാണ് ഇത്..! അതിശയിപ്പിച്ച് ഐഎം വിജയന്; കൈയടിച്ച് സോഷ്യല്‍മീഡിയ: വീഡിയോ
കേരളത്തിന്റെ അഭിമാനമായ ഫുട്ബോള്‍ താരമാണ് ഐഎം വിജയന്. കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന സ്കില്ല് തന്നെയാണ് ഐഎം വിജയന് എന്ന ഫുട്ബോള്‍ താരത്തെ മികച്ച കായികതാരമാക്കുന്നതും. ഫുട്ബോള്‍ ലോകത്ത് എക്കാലത്തെയും മികച്ച സ്ട്രൈക്കര്‍ എന്ന വിശേഷണത്തിനും യോഗ്യനാണ് ഐഎം വിജയന്. ഐഎം വിജയന്റെ അതിശയിപ്പിക്കുന്ന ഒരു പ്രകടനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.
ഐഎം വിജയന്റെ സഹതാരവും മലയാളിയുമായ ജോപോള്‍ അഞ്ചേരിയെയും വീഡിയോയില്‍ കാണാം. പന്തുമായുള്ള വിജയന്റെ നീക്കത്തെ അഞ്ചേരി തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിവിദഗ്തമായി ഐഎം വിജയന് പന്തുമായി മുന്നോട്ട് കുതിക്കുന്നു. താരത്തിന്റെ ഈ അതിശയിപ്പിക്കുന്ന സ്കില്ലിന് സാമൂഹ്യമാധ്യമങ്ങളില്‍ കൈയടിക്കുകയാണ് കാഴ്ചക്കാര്‍.
1987-ല്‍ കേരളാ പൊലീസിലൂടെ കളത്തിലിറങ്ങി ഫുട്ബോള്‍ രംഗത്ത് ശ്രദ്ധേയനായതാണ് ഐഎം വിജയന്. 1989-ല്‍ താരം ഇന്ത്യയ്ക്കായി കളത്തിലിറങ്ങി. 1999 ലെ സാഫ് ഗെയിംസില്‍ ഭൂട്ടാനെതിരെ ഏറ്റവും വേഗത്തില്‍ ഗോള്‍ നേടിക്കൊണ്ട് താരം ചരിത്രം കുറിച്ചു. മോഹന്‍ ബഗാന്, ഈസ്റ്റ് ബംഗാള്‍, ചര്‍ച്ചില്‍ ബ്രദേഴ്സ് തുടങ്ങിയ ക്ലബുകളില്‍ ബൂട്ടണിഞ്ഞ ഐഎം വിജയന് 2004-ല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചു.
അതേസമയം ചലച്ചിത്ര നിര്‍മ്മാണ രംഗത്തേയ്ക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഐഎം വിജയന്. ‘പാണ്ടി ജൂനിയേഴ്സ്’ എന്നാണ് ഐഎം വിജയന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ പേര്. ബിഗ് ഡാഡി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഐഎം വിജയനും അരുണ്‍ തോമസും ദീപു ദാമോദറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നവാഗതനായ ദീപക് ഡിയോണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.
Read more:അന്ന് ജൂനിയര്‍ ആര്‍ടിസ്റ്റ്; ഇന്ന് നായകന്: ‘ഈ പയ്യന് കൊള്ളാലോ’ എന്ന് സോഷ്യല്‍മീഡിയ: വീഡിയോ
ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തെത്തിയിരുന്നു. ഫുട്ബോള്‍ പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് പാണ്ടി ജൂനിയേഴ്സ്. കുട്ടികളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ജിലു ജോസഫ്, സേതുലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.