ആദ്യ പ്രണയത്തെക്കുറിച്ച് അവതാരകന്‍റെ ചോദ്യം; ചിരിപ്പിച്ച് ഇന്ദ്രന്‍സിന്‍റെ മറുപടി

August 20, 2019

വെള്ളിത്തിരയില്‍ അഭിനയ വസന്തങ്ങള്‍ തീര്‍ക്കുമ്പോഴും ഇന്ദ്രന്‍സ് എന്ന നടനില്‍ ആരാധകര്‍ ഇഷ്ടപ്പെടുന്ന മറ്റൊന്നുകൂടിയുണ്ട്.  ലാളിത്യവും എളിമയും അദ്ദേഹത്തെ കൂടുതല്‍ പ്രേക്ഷക സ്വീകാര്യനാക്കുന്നു. വെള്ളിത്തിരയ്ക്ക് പുറത്ത് പൊതുവേദികളിലും സദസിലുമെല്ലാം വളരെ സൗമന്യായ ഒരു സാധാരണക്കാരനായാണ് ഇന്ദ്രന്‍സ് പ്രത്യക്ഷപ്പെടാറ്. ഈ സൗമ്യത തന്നെയാണ് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഒരു പ്രത്യേക ഇടം താരത്തിന് നേടിക്കൊടുത്തതും.

ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ വീണ്ടും ശ്രദ്ധേയമാവുകയാണ് ഇന്ദ്രന്‍സ്. ഒരു അഭിമുഖത്തില്‍, ആദ്യ പ്രണയത്തെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് താരം നല്‍കുന്ന മറുപടിയാണ് പ്രേക്ഷകര്‍ക്കിടയില്‍ ചിരി നിറയ്ക്കുന്നത്.

ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്എം റേഡിയോ നടത്തിയ ഒരു അഭിമുഖത്തിലാണ് ആദ്യ പ്രണയത്തെക്കുറിച്ച് താരം സംസാരിച്ചത്. ‘ആദ്യ പ്രണയം എപ്പോഴാണെന്ന് ഓര്‍മ്മയുണ്ടോ’ എന്നതായിരുന്നു അവതാരകന്റെ ചോദ്യം. പിന്നാലെയെത്തി ഇന്ദ്രന്‍സിന്റെ രസികന്‍ മറുപടി. ‘എന്ത് ചോദ്യമാണെടേ, കൃത്യമായി ഓര്‍മ്മയില്ല. കുറെ ഉണ്ടായിട്ടുണ്ട്’ എന്നായിരുന്നു താരത്തിന്റെ മറുപടി.

1981 ല്‍ മലയാള സിനിമയില്‍ തുടക്കംകുറിച്ച താരം ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്ക് സുപരിചിതനായതെങ്കിലും ഇന്ദ്രന്‍സ് എന്ന കലാകാരന്‍ വെള്ളിത്തിരയില്‍ എക്കാലവും ഒരുക്കുന്നത് അവിസ്മരണീയ കഥാപാത്രങ്ങളെ തന്നെയാണ്. ഡോക്ടര്‍ ബിജു സംവിധാനം നിര്‍വ്വഹിച്ച ‘വെയില്‍ മരങ്ങള്‍’ എന്ന സിനിമ ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ‘ഔട്ട് സ്റ്റാന്‍ഡിങ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ്’ പുരസ്‌കാരം നേടിയപ്പോള്‍ ഹൃദയത്തില്‍ ഇന്ദ്രന്‍സ് എന്ന നടന് ആര്‍പ്പുവിളിക്കാത്ത മലയാളികളുണ്ടാവില്ല.

Read more:‘ഉള്ളില്‍ മൊത്തം കള്ളന്മാരാ സാറെ’; ‘ഉണ്ട’യിലെ ആ മാസ്സ് രംഗമിതാ: വീഡിയോ

അതേസമയം ഇന്ദ്രന്‍സിനൊപ്പം ബാലു വര്‍ഗീസും ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. തിരുവനന്തപുരം ചാലയിലെ കോളനിയില്‍ നിന്ന് നാടുവിട്ട് ബോംബെയില്‍ ജോലി തേടി എത്തിയ അബ്ദുള്ള അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അലീമ എന്ന സ്ത്രീയെ അന്വേഷിച്ച് കേരളത്തിലേക്ക് മടങ്ങിയെത്തുന്നു. ഈ സ്ത്രീയെ തേടി തിരുവനന്തപുരം മുതല്‍ വയനാട് വരെ നടത്തുന്ന യാത്രകളാണ് ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ എന്ന ചിത്രത്തിന്റെ മുഖ്യ പ്രമേയം. ഷാനു സമദ് ആണ് ചിത്രത്തിന്റെ സംവിധാനം. ഈ മാസം 23 ന് ചിത്രം തീയറ്ററുകളിലെത്തും.