‘ഒരു കുടുംബത്തിലുള്ള എല്ലാവരും ഒരുരാത്രി ഒന്നിച്ചിരുന്നാൽ തീരാവുന്ന പ്രശ്‍നങ്ങളെയുള്ളു എല്ലായിടത്തും’ ; ശ്രദ്ധനേടി ‘ഇസാക്കിന്റെ ഇതിഹാസം’ ട്രെയ്‌ലർ

August 26, 2019

മലയാളി പ്രേക്ഷകർക്കിടയിൽ ഒരേസമയം ആകാംഷയും ഒപ്പം ചിരിയും നിറച്ച് ഇസാക്കിന്റെ ഇതിഹാസം ഒരുങ്ങുന്നു. ആർ കെ അജയ കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നത്. ‘ഇസാക്കിന്റെ ഇതിഹാസം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പേര് പോലെ തന്നെ ചിത്രം ഒരു ക്രിസ്ത്യൻ പാശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്നതാണെന്ന് സൂചിപ്പിക്കും വിധമാണ് ചിത്രത്തിന്റെ ട്രെയ്‌ലറും തയാറാക്കിയിരിക്കുന്നത്.

അതേസമയം ഒരു ക്രിസ്ത്യൻ പള്ളിയും ക്രൂശിൽ കിടക്കുന്ന യേശു ക്രിസ്തുവിന്റെ രൂപവും ഒപ്പം കത്തിച്ചുവെച്ച മെഴുകുതിരിയും മങ്ങിയ വെളിച്ചത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരു ആൾരൂപവും ഒക്കെയായി ആരാധകരെ പേടിയുടെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ തയാറാക്കിയത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ സൂചിപ്പിക്കുന്നത് ചിത്രം ഒരു ഹൊറർ ചിത്രമാണെന്നാണെങ്കിലും ചിത്രം പൂർണമായും ഒരു കോമഡി എന്റെർറ്റൈനെർ ആണെന്നാണ് സംവിധായൻ ആർ കെ അജയ കുമാർ നേരത്തെ സൂചിപ്പിച്ചത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ആദ്യ സിംഗിൾ ഷോട്ട് ഗാനരംഗം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഗോപിസുന്ദറിൻ്റെ ഈണത്തിൽ നെൽസൺ പാടി അഭിനയിച്ച ഇസാഖിൻ്റെ ഇതിഹാസത്തിലെ ഈ ഗാനത്തിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ഭഗത് മാനുവൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ധിഖ്, അശോകൻ, കലാഭവൻ ഷാജോൺ, ഗീത വിജയൻ, പോളി വിൽസൻ  എന്നിവരും എത്തുന്നുണ്ട്. ഉമാ മഹേശ്വര  ക്രിയേഷൻസിന്റെ ബാനറിൽ അയ്യപ്പൻ ആർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആർ കെ അജയ കുമാറും സുഭാഷ് കുട്ടിക്കലും ചേർന്നാണ്. ഇസാക്കിന്റെ ഇതിഹാസം എന്ന ചിത്രത്തിന്റെ സംഗീതം സംവിധാനം ചെയ്തിരിക്കുന്നത് ഗോപി സുന്ദറാണ്.

Read also: പ്രണയാര്‍ദ്ര ഭാവങ്ങളില്‍ പ്രഭാസും ശ്രദ്ധ കപൂറും; കൈയടി നേടി ‘സഹോ’യിലെ പ്രണയഗാനം

ഏറെ ആകാംഷയും സസ്‍പെൻസും നിറച്ചുകൊണ്ടുള്ള ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ട്രെയ്‌ലറും ആരാധകർക്കിടയിൽ സമ്മാനിച്ച കൗതുകം ചിത്രത്തിലും ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.