‘ബൊമ്മ… ബൊമ്മ…’ കിടിലന്‍ താളത്തില്‍ ‘ഇട്ടിമാണി’യിലെ ഗാനം: വീഡിയോ

August 26, 2019

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’. പേരില്‍ തന്നെ കൗതുകം ഒളിപ്പിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. ചിത്രത്തിനു വേണ്ടിയുള്ള മോഹന്‍ലാലിന്റെ മെയ്ക്ക് ഓവര്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ഇട്ടിമാണിയിലെ പുതിയ ഗാനം. മനോഹരമായ താളം തന്നെയാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം.

ചിത്രത്തിലെ ‘ബൊമ്മ… ബൊമ്മ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. എം ജി ശ്രീകുമാര്‍, മാസ്റ്റര്‍ ആദിത്യന്‍, വൃന്ദ ഷമീഖ് ഘോഷ്, ലിയു ഷുവാങ്, തെരേസ റോസ് ജിയോ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജനപ്രിയ ടെലിവിഷന്‍ ചാനലായ ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ ആദിത്യന്‍ ചലച്ചിത്ര പിന്നണി ഗാന രംഗത്തും ശ്രദ്ധേയനാകുകയാണ് ഈ ഗാനത്തിലൂടെ.

നവാഗതരായ ജിബി, ജോജു എന്നിവരാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ കാരക്ടര്‍ പോസ്റ്ററുകളും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ പുറത്തെത്തിയ ചിത്രത്തിന്റെ ടീസറും മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്നുണ്ട്.’

Read more:“സിന്ധുവിന്‍റെ വിജയം വരുംതലമുറകള്‍ക്കും പ്രചോദനം”; അഭിനന്ദിച്ച് പി ടി ഉഷ

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തില്‍ തൃശൂര്‍ ഭാഷയിലാണ് മോഹന്‍ലാല്‍ സംസാരിക്കുക എന്നതാണ് മുഖ്യ ആകര്‍ഷണം. നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം താരം തൃശൂര്‍ ഭാഷയുമായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.’തൂവാനത്തുമ്പികളി’ലെ ജയകൃഷ്ണന് ശേഷം ‘ഇട്ടിമാണി’ എന്ന തൃശൂര്‍ക്കാരനായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’.