‘ഫ്രീക്ക് ലുക്ക് ആദ്യം കാണിച്ചത് മമ്മൂക്കയെ; അദ്ദേഹം നൽകിയത് രസകരമായ മറുപടി’, ജയറാം..
വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ വിസ്മയങ്ങൾ സൃഷ്ടിക്കുന്ന താരമാണ് ജയറാം. താരത്തിന്റെ ചിത്രങ്ങളെ ഇരുകൈകളും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. അതേസമയം അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് ജയറാമിന്റെ ഫ്രീക്ക് ലുക്ക്. ഫ്രീക്ക് ലുക്കിലെത്തുന്ന താരത്തിന്റെ ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരും. അല്ലു അര്ജുന് നായകനാവുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് താരത്തിന്റെ പുതിയ ലുക്ക്. ചിത്രം സംവിധാനം ചെയ്യുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. ചിത്രത്തിൽ അല്ലു അർജുന്റെ അച്ഛനായാണ് ജയറാം എത്തുന്നത്. ശരീരഭാരം കുറച്ച്, ടീഷര്‍ട്ടും ജീന്‍സും ധരിച്ചുനില്ക്കുന്ന ഫോട്ടോയ്ക്ക് നിരവധി ആളുകളാണ് കമന്റുമായെത്തിയത്.
അതേസമയം ചിത്രം ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെക്കുന്നതിന് മുന്‍പ് ആദ്യം കാണിച്ചത് മമ്മൂട്ടിയെ ആണെന്ന് ജയറാം പറഞ്ഞു. അതിന് മറുപടിയായി മമ്മൂട്ടി പറഞ്ഞ രസകരമായ കമന്റിനെക്കുറിച്ചും ജയറാം പറയുന്നുണ്ട്. ‘എന്താടാ ഇത്, നീ തന്നെയാണോ അതോ തല മാറ്റി ഒട്ടിച്ചതാണോ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. കുറച്ചുകഴിഞ്ഞപ്പോള്‍ മമ്മൂക്ക വീണ്ടും പറഞ്ഞു, നിന്റെ പരിശ്രമത്തിനുള്ള ഫലമാണ് ഇതെന്ന്, ഇങ്ങനെ ഇരിക്കണമെന്നും.’ ആ ഫീഡ്ബാക്കിന് ശേഷമാണ് ചിത്രം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യാന്‍ തീരുമാനിച്ചതെന്നും ജയറാം പറയുന്നു. രണ്ട് മാസക്കാലം കൊണ്ടാണ് കഥാപാത്രത്തിനുവേണ്ടി ജയറാം 13 കിലോ ഭാരം കുറച്ചത്.
ജയറാം നായകനായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മലയാളം ചിത്രമാണ് ‘പട്ടാഭിരാമൻ’.കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അതേസമയം മാർക്കോണി മത്തായിയാണ് താരത്തിന്റേതായി റിലീസ് ചെയ്ത അവസാന ചിത്രം. മക്കൾ സെൽവൻ വിജയ് സേതുപതിയും ആദ്യമായി മലയാളത്തിൽ എത്തുന്ന ചിത്രമാണിത്. പരസ്യചിത്രങ്ങളുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘മാര്‍ക്കോണി മത്തായി.’ ലോകത്തിലെ എല്ലാറ്റിനെയും പ്രണയിക്കുന്ന മത്തായിയുടെ സ്നേഹകഥയാണ് ‘മാര്‍ക്കോണി മത്തായി’ എന്ന സിനിമ.
അതേസമയം ജയറാമിന്റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് പട്ടാഭിരാമൻ. തിരുവനന്തപുരം കേന്ദ്രമാക്കിയാണ് സിനിമ ചിത്രീകരിക്കുന്നത്. ജയറാമിനൊപ്പം ഷീലു എബ്രഹാം, ജനാർദ്ദനൻ, മിയ ജോർജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി, നന്ദു, സായികുമാർ, തമിഴ് നടൻ മഹീന്ദ്രൻ, പ്രജോദ് കലാഭവൻ, ഷംനാ കാസിം, പാർവതി നമ്പ്യാർ, ലെന, തെസ്നിഖാൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. അബ്ബാം മൂവീസിന്റെ ബാനറിൽ അബ്രാഹം മാത്യു നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് ദിനേശ് പള്ളത്താണ്.