അല്ലു അർജുൻ സിനിമയിൽ തബുവിനൊപ്പം കിടിലൻ ലുക്കിൽ ജയറാം

August 20, 2019

അച്ഛനായും മകനായും മുത്തച്ഛനായും നായകനായും വില്ലനായും പൊലീസായും വക്കീലായുമൊക്കെ വെള്ളിത്തിരയിൽ തിളങ്ങിയ ജയറാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ്. താരത്തിന്റെ ചിത്രങ്ങളെ ഇരുകൈകളും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്.

അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു ജയറാമിന്റെ ഫ്രീക്ക് ലുക്കിലുള്ള ചിത്രങ്ങൾ. അല്ലു അര്‍ജുന്‍ നായകനാവുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് താരത്തിന്റെ പുതിയ ലുക്ക്. ഇപ്പോഴിതാ ജയറാം തബുവിനൊപ്പമുള്ള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. കോട്ടും സ്യൂട്ടും അണിഞ്ഞ് മെലിഞ്ഞ് ഫ്രീക്ക് ലുക്കിലാണ് ചിത്രത്തിൽ താരം പ്രത്യക്ഷപെടുന്നത്. ചിത്രത്തിൽ അല്ലു അർജുന്റെ അച്ഛനായാണ് ജയറാം വേഷമിടുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്.

ജയറാം നായകനായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ‘പട്ടാഭിരാമൻ’. കണ്ണൻ താമരക്കുളം സംവിധാനം നിർവഹിക്കുന്ന  ചിത്രമാണ് പട്ടാഭിരാമൻ. അതേസമയം മാർക്കോണി മത്തായിയാണ് താരത്തിന്റേതായി റിലീസ് ചെയ്ത അവസാന ചിത്രം. മക്കൾ സെൽവൻ വിജയ് സേതുപതിയും ആദ്യമായി മലയാളത്തിൽ എത്തുന്ന ചിത്രമാണിത്. പരസ്യചിത്രങ്ങളുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘മാര്‍ക്കോണി മത്തായി.’ ലോകത്തിലെ എല്ലാറ്റിനെയും പ്രണയിക്കുന്ന മത്തായിയുടെ സ്‌നേഹകഥയാണ് ‘മാര്‍ക്കോണി മത്തായി’ എന്ന സിനിമ.

ജയറാമിന്റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് പട്ടാഭിരാമൻ. തിരുവനന്തപുരം കേന്ദ്രമാക്കിയണ് സിനിമ ചിത്രീകരിക്കുന്നത്. ജയറാമിനൊപ്പം ഷീലു എബ്രഹാം, ജനാർദ്ദനൻ, മിയ ജോർജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി, നന്ദു, സായികുമാർ, തമിഴ് നടൻ മഹീന്ദ്രൻ, പ്രജോദ് കലാഭവൻ, ഷംനാ കാസിം, പാർവതി നമ്പ്യാർ, ലെന, തെസ്‌നിഖാൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. അബ്ബാം മൂവീസിന്റെ ബാനറിൽ അബ്രാഹം മാത്യു നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് ദിനേശ് പള്ളത്താണ്.