ജെല്ലിക്കെട്ട് ഒരുങ്ങുന്നു; ഗുഹാമനുഷ്യനായി ചെമ്പൻ വിനോദ്

August 7, 2019

എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ജെല്ലിക്കെട്ട്. ആമേൻ’, ‘അങ്കമാലി ഡയറീസ്’, ‘ഈ മ യൗ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ലിജോ ജോസ് പെല്ലിശേരിയാണ് പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്. ഓരോ സിനിമയിലും വ്യത്യസ്ഥത പരീക്ഷിക്കുന്ന സംവിധായകന്റെ പുതിയ ചിത്രത്തിന് വേണ്ടിയും അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.

വിനായകനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൽ ചെമ്പൻ വിനോദും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു ഗുഹാമനുഷ്യനായ നിയാണ്ടര്‍ത്താലായാണ് ചെമ്പൻ വിനോദ് എത്തുന്നത്. വൻ താരനിരയാണ് ചിത്രത്തിന് വേണ്ടി ഒരുങ്ങുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ആന്റണി വർഗീസും ജെല്ലിക്കെട്ടിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ് ഹരീഷും ആര്‍ ജയകുമാറും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഹൈറേഞ്ചിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിക്കുന്നത്. വളരെ സാഹസീകമായാണ് ഹൈറേഞ്ചിൽ ചിത്രം ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവത്തകർ അറിയിച്ചിരുന്നു. ചിത്രത്തിന്റെ മിഡിൽ ഈസ്റ്റിലെ വിതരണാവകാശം വലിയ തുകയ്ക്ക് ഫാഴ്സ് ഫിലിംസ് നേരത്തെ ഏറ്റെടുത്തിരുന്നു. വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന സിനിമ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഈ മ യൗ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വിനായകൻ, ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ജെല്ലിക്കെട്ട്.

Read also: വിടവാങ്ങി യാത്രയായ്’; നോവുണർത്തി ‘കൽക്കി’യിലെ ഗാനം 

അതേസമയം ചിത്രത്തിന്റെ പ്രമേയം എന്താണെന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ഒരു പോത്തും കുറെ മനുഷ്യരുമാണ് ചിത്രത്തില്‍ അഭിനയിക്കുകയെന്ന് ലിജോ ഫേസ്ബുക്ക് വഴി നേരത്തെ അറിയിച്ചിരുന്നു.