“ഇങ്ങേര് വേറെ ലെവല്‍ മനുഷ്യനാണ്”; ഡികാപ്രിയോയെ പ്രശംസിച്ച് ജോജു

August 29, 2019

ദിവസങ്ങളായി കത്തിയമരുകയാണ് ആമസോണ്‍ മഴക്കാടുകള്‍. അടിക്കടി ഉണ്ടാകുന്ന കാട്ടുതീ ലോകത്തിന്റെ പരിസ്ഥിതി സന്തുലനത്തിന് തന്നെ ഭീഷണിയാകുന്നു. ആമസോണ്‍ മഴക്കാടിന്റെ സംരക്ഷണത്തിന് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് ഹോളിവുഡ് നടന്‍ ലിയനാര്‍ഡോ ഡികാപ്രിയോ. 35 കോടിയോളം രൂപ ധനസഹായം നല്‍കുന്നതായി താരം അറിയിച്ചു. എര്‍ത്ത് അലയന്‍സ് എന്ന സംഘടനയുമായി സഹകരിച്ചാണ് ഡികാപ്രിയോ സഹായം നല്‍കുന്നത്. നിരവധിയാളുകളാണ് ഡികാപ്രിയോയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം ജോജു ജോര്‍ജും ഡികാപ്രിയോയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

“ഇങ്ങേര് വേറെ ലെവൽ മനുഷ്യനാണ്. ലോക മാധ്യമങ്ങൾ ആമസോണിലെ കാട്ടുതീ മൂടിവെക്കാൻ ശ്രമിച്ചപ്പോൾ അതിനെ പുറത്തുകൊണ്ടുവന്നത് ഇങ്ങേരുടെ ശ്രമങ്ങളാണ്. അതിന് ശേഷമാണ് U.N അടക്കമുള്ളവർ വിഷയത്തിൽ ഇടപെടുന്നത്. ദാ ഇപ്പോ ആമസോനിണ് വേണ്ടി ഇങ്ങേരുടെ വക 36 മില്യൺ ഡോളറും. വാക്കുകളല്ല പ്രവ്യത്തികളാണ് വേണ്ടതെന്ന് Leo തെളിയിച്ചു. വല്ലാത്തൊരു മനുഷ്യൻ തന്നെ”.  ജോജു ട്വിറ്ററില്‍ കുറിച്ചു.

 

View this post on Instagram

 

ഇങ്ങേര് വേറെ ലെവൽ മനുഷ്യനാണ്. ലോക മാധ്യമങ്ങൾ ആമസോണിലെ കാട്ടുതീ മൂടിവെക്കാൻ ശ്രമിച്ചപ്പോൾ അതിനെ പുറത്തുകൊണ്ടുവന്നത് ഇങ്ങേരുടെ ശ്രമങ്ങളാണ്. അതിന് ശേഷമാണ് U.N അടക്കമുള്ളവർ വിഷയത്തിൽ ഇടപെടുന്നത്. ദാ ഇപ്പോ ആമസോനിണ് വേണ്ടി ഇങ്ങേരുടെ വക 36 മില്യൺ ഡോളറും. വാക്കുകളല്ല പ്രവ്യത്തികളാണ് വേണ്ടതെന്ന് Leo തെളിയിച്ചു. വല്ലാത്തൊരു മനുഷ്യൻ തന്നെ. Leonardo Di Caprio ❤️

A post shared by JOJU (@joju_george) on


ലോകത്തിലെ ഏറ്റവും വിശിഷ്ടമായ കാട് എന്ന് അറിയപ്പെട്ടിരുന്ന ആമസോണ്‍ മഴക്കാടുകള്‍ കത്തിയമരുമ്പോള്‍ കടുത്ത കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് പുറം തള്ളുന്നത്. ബ്രസീലിയന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസേര്‍ച്ച് പുറത്തുവിട്ട ഉപഗ്രഹ വിവരങ്ങളനുസരിച്ച് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കാട്ടുതീയില്‍ 83 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമാക്കുന്നു.

ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ ആമസോണ്‍ മേഖലയില്‍ 74,000 ത്തിലധികം തീപിടുത്തങ്ങള്‍ ഉണ്ടായതായി പറയുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 9500 ലധികം ഇടങ്ങളില്‍ കാട്ടുതീ ഉണ്ടായിട്ടുണ്ട്.

ഭൂമിയുടെ ശ്വാസകോശം എന്നാണ് ആമസോണ്‍ കാടുകള്‍ അറിയപ്പെടുന്നത്. ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യം നിലനില്‍ക്കുന്ന ഇടമാണ് ആമസോണ്‍ മഴക്കാടുകള്‍. ബൊളീവിയ, ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍, ഫ്രഞ്ച് ഗയാന, ഗയാന, പെറു, സുരിനേം, വെനിസ്വേല എന്നീ രാജ്യങ്ങളിലായാണ് ആമസോണ്‍ വനമേഖല പടര്‍ന്നുകിടക്കുന്നത്. എന്നാല്‍ വനമേഖലയുടെ കൂടുതല്‍ ഭാഗവും ബ്രസീലിലാണ്. ആകെ 55 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണ് ആമസോണ്‍ വനമേഖലയ്ക്കുള്ളത്.