അതിശയിപ്പിക്കും ഈ ‘ജോക്കര്‍’; ശ്രദ്ധേയമായി ട്രെയ്‌ലര്‍

August 29, 2019

ലോക സിനിമാപ്രേമികള്‍ക്ക് ഒരിക്കലും തങ്ങളുടെ ഹൃദയത്തില്‍ നിന്നും പറിച്ചെറിയാന്‍ പറ്റാത്ത കഥാപാത്രമാണ് ‘ഡാര്‍ക് നൈറ്റ് എന്ന ചിത്രത്തിലെ ജോക്കര്‍. മരണപ്പെട്ടുപോയ ഹീത്ത് ലെഡ്ജര്‍ ആണ് ഈ കഥാപാത്രത്തെ അനശ്വരമാക്കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ജോക്കര്‍ വീണ്ടുമെത്തുന്നു. ഈ വാര്‍ത്തയാണ് ലോക സിനിമാ പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്. ടോസ് ഫിലിപ്‌സിന്റെ ‘ജോക്കര്‍’ എന്ന ചിത്രത്തിലാണ് ജോക്കര്‍ എന്ന കഥാപാത്രം വീണ്ടും എത്തുന്നത്. ജോക്വിന്‍ ഫീനിക്‌സാണ് വെള്ളിത്തിരയില്‍ പുതിയ ജോക്കറായി വേഷമിടുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫൈനല്‍ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഓരോ വിശേഷങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നതും. ഫീനിക്‌സിന്റെ അതിശയിപ്പിക്കുന്ന പ്രകടനംതന്നെയാണ് ട്രെയ്‌ലറിന്റെ പ്രധാന ആകര്‍ഷണം.

മൂന്നു തവണ അക്കാദമി അവാര്‍ഡ് നോമിനേഷന്‍ ലഭിച്ച താരമാണ് ജോക്വിന്‍  ഫീനിക്‌സ്. അതുകൊണ്ടുതന്നെ ഫീനിക്‌സിന്റെ ജോക്കര്‍ മികച്ചുനില്‍ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇത് ശരിവയ്ക്കുന്നതാണ് ചിത്രത്തിന്റെ ട്രെയ്‌ലറും.

Read more:“കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്”; മലയാളികള്‍ ഏറ്റെടുത്ത ആ ഡയലോഗിന്‍റെ പേരില്‍ പുതിയ ചിത്രം ഒരുങ്ങുന്നു; ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍

നിരവധി ജോക്കര്‍ കഥാപാത്രങ്ങള്‍ സിനിമകളില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കിലും ലെഡ്ജറുടെ ജോക്കര്‍ തന്നെയാണ് എക്കാലത്തും ആരാധകര്‍ക്കിടയില്‍ സ്വീകാര്യനായത്. കഥാപാത്രത്തെ അനശ്വരമായി അവതരിപ്പിച്ചെങ്കിലും വെള്ളിത്തിരയില്‍ താന്‍ ചെയ്ത കഥാപാത്രത്തെ കാണാന്‍ ലെഡ്ജര്‍ക്കു സാധിച്ചിരുന്നില്ല. ലെഡ്ജറുടെ മരണശേഷമാണ് ഡാര്‍ക് നൈറ്റ് തീയറ്ററുകളിലെത്തിയത്. ഓസ്‌കര്‍ അവാര്‍ഡും ഈ കഥാപാത്രം നേടിയിരുന്നു.

ഫിലിപ്‌സ് തയാറാക്കുന്ന ‘ജോക്കര്‍’ എന്ന ചിത്രത്തിലെ കഥാ പ്രമേയം ഏറെ വിത്യസ്തമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്തായാലും ജോക്വിന്‍ ഫീനിക്‌സിന്റെ ജോക്കര്‍ രൂപവും ഏറ്റെടുത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.