“കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്”; മലയാളികള്‍ ഏറ്റെടുത്ത ആ ഡയലോഗിന്‍റെ പേരില്‍ പുതിയ ചിത്രം ഒരുങ്ങുന്നു; ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍

August 29, 2019

”കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ ഇവര്‍ മൂന്നു പേരുമാണ് എന്റെ ഹീറോസ്…” മലയാളികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഏറ്റെടുത്തതാണ് ഈ ഡയലോഗ്. 2014-ല്‍ തീയറ്ററുകളിലെത്തിയ ‘സെവന്‍ത് ഡേ’ എന്ന ചിത്രത്തിലേതാണ് ഈ ഡയലോഗ്. പൃഥ്വിരാജിന്റെ ഈ ഡയലോഗ് ഇന്നും എടുത്ത് പ്രയോഗിക്കാറുണ്ട് പലരും. ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ എന്ന പേരില്‍ പുതിയ ചിത്രം വരുന്നു.

ശരത് ജി മോഹന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഫസ്റ്റ് പേജ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്ററും പുറത്തെത്തി. പ്രശാന്ത് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അതേസമയം ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

ചിത്രത്തെക്കുറിച്ചുള്ള അണിയറപ്രവര്‍ത്തകരുടെ വാക്കുകള്‍ ഇങ്ങനെ:
“കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്സിംഗ് ഇവരാണ് എന്റെ ഹീറോസ്. ഈ ഡയലോഗ് കേട്ട് ആവേശം കൊള്ളാത്ത ഒരു മലയാളിയും ഇല്ലെന്നു തന്നെ പറയാം. പക്ഷെ ഇവര്‍ തോറ്റവരല്ലെന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. കാരണം തോറ്റുകൊടുക്കാന്‍ മനസ്സുള്ളവന്റെയത്രയും വിജയിച്ചവരാരും ഈ ലോകത്തില്‍ വേറെയില്ല. ഫസ്റ്റ് പേജ് എന്റര്‍ടെയ്‌മെന്റിന്റെ ബാനറില്‍ ശരത് ജി മോഹന്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് എന്ന ഈ ചിത്രവും പറയാനാഗ്രഹിക്കുന്നത് മറ്റൊന്നല്ല.”