കീർത്തി സുരേഷ് ബോളിവുഡിലേക്ക്; ആദ്യ ചിത്രം അജയ് ദേവ്ഗണ്ണിനൊപ്പം

August 21, 2019

തമിഴകത്തും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരമാണ് കീർത്തി സുരേഷ്. മികച്ച നടിക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ കീർത്തിയുടെ ബോളിവുഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷവാർത്ത. അജയ്‌ ദേവഗൺ നായകനാകുന്ന ‘മൈദാൻ’ എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് കീർത്തി സുരേഷ്‌. ചിത്രീകരണം ആരംഭിച്ച മൈദാനിൽ അജയ് ദേവ്ഗണിന്റെ ഭാര്യയാണ് കീർത്തി വേഷമിടുന്നത്.

അമിത്‌ രവീന്ദർനാഥ്‌ ശർമയാണ് ചിത്രം ഒരുക്കുന്നത്‌. ബോണി കപൂർ, ആകാശ്‌ ചൗള, അരുണാവ സെൻഗുപ്ത എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഫുട്ബോൾ മുഖ്യപ്രമേയമാക്കിയാണ് ഒരുക്കുന്നത്. ഇന്ത്യൻ ഫുട്ബോളിന്റെ സുവർണ്ണകാലമായ 1952 മുതൽ 1962 വരെയുള്ള കാലഘട്ടമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

അതേസമയം മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിനാണ് കീർത്തിയെ തേടി ദേശീയ പുരസ്‌കാരം എത്തിയത്. തെന്നിന്ത്യൻ താരറാണിയായ സാവിത്രിയുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌ നാഗ് അശ്വിനാണ്. സിനിമയിൽ സാവിത്രിയായി കീർത്തി സുരേഷും ജെമിനി ഗണേശായി ദുൽഖർ സൽമാനുമാണ് വേഷമിട്ടത്. ദുൽഖർ സൽമാൻ നായകനായെത്തുന്ന ആദ്യ തെലുങ്ക് ചിത്രമാണ് മഹാനടി.
Read also: അനാഥകുട്ടികൾക്ക് ഭക്ഷണം ഉറപ്പുവരുത്തണം; ഭാര്യയുടെ ചലഞ്ച് ഏറ്റെടുത്ത് അക്ഷയ് കുമാർ 

സാവിത്രിയുടെയും ജെമിനി ഗണേശന്റെയും പ്രണയവും വിവാഹവും പ്രണയത്തകർച്ചയുമെല്ലാമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ദുൽഖറും കീർത്തിയും മികച്ച പ്രകടനം കാഴ്ചവച്ച  ചിത്രം ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. റിലീസ് ചെയ്ത് രണ്ട് ആഴ്ചക്കുള്ളിൽ തന്നെ 60 കോടിയിലധികം രൂപയാണ് മഹാനടിയുടെ ബോക്സ് ഓഫീസ് കളക്ഷൻ. തുടക്കത്തിൽ വേണ്ടത്ര തിയേറ്ററുകളിൽ ലഭിക്കാതിരുന്ന  ‘മഹാനടി’ രണ്ടാം വാരത്തിലാണ് കൂടുതൽ  സ്ക്രീനുകളിൽ പ്രദർശനത്തിനെത്തിയത്.