സംസ്ഥാനത്ത് കനത്ത മഴ; ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് അധികൃതർ

August 8, 2019

സംസ്ഥാനത്ത് കനത്ത മഴതുടരുന്നു. നിരവധി ഇടങ്ങളിൽ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇടുക്കി, വയനാട് ജില്ലകളിലെ ചിലയിടങ്ങൾ പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. പമ്പാനദിയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആറന്മുള വള്ള സദ്യയ്ക്കായി എത്തുന്നവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ അടക്കമുള്ളവ  മാറ്റിയിട്ടുണ്ട്. അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 9 വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.

കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കനത്ത മഴയിൽ ഇന്ന് ഒന്നര വയസുകാരിയടക്കം നാല് പേര് മരിച്ചു.