സംസ്ഥാനത്ത് മഴയ്ക്ക് ശമനം; കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതം
സംസ്ഥാനത്ത് മഴയ്ക്ക് ശമനം. റെഡ് അലർട്ട് ഇന്ന് ജില്ലയിൽ എവിടെയുമില്ല. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഛത്തീസ്ഗഡ് വഴി വടക്കുപടിഞ്ഞാറേക്കു നീങ്ങിയതോടെയാണു കേരളത്തിൽ മഴയ്ക്ക് കുറവ് ഉണ്ടായത്. എന്നാൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 105 ആയി.
മണ്ണിടിച്ചിൽ ഉണ്ടായ വയനാട് പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും മണ്ണിനടിയിൽപെട്ടവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. മഴ കുറവായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് അനുകൂലമായ കാലാവസ്ഥയാണ്. ഇന്ന് കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയിൽ ഉണ്ടായ വൻദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 31 ആയി.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെയാണ് കവളപ്പാറയിൽ ആദ്യം ഉരുൾപൊട്ടിയത്. മുപ്പതോളം കുടുംബാംഗങ്ങളാണ് അന്ന് മണ്ണിനടിയിൽപെട്ടത്. എന്നാൽ അതിന് ശേഷം രക്ഷാപ്രവർത്തനം നല്കുന്നതിനിടയിൽ വീണ്ടും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായി ഇതിൽ 46 ലധികം കുടുംബങ്ങൾ മണ്ണിനടിയിൽ ആയിരുന്നു. ഉറ്റവരെ തേടി ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിൽ ഇപ്പോഴും കുടുംബക്കാരും രക്ഷാപ്രവർത്തകരും തിരച്ചിൽ തുടരുകയാണ്.