ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന നടന്മാരില്‍ അക്ഷയ് കുമാര്‍ ബഹുദൂരം മുന്നില്‍

August 23, 2019

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന നടന്മാരുടെ പട്ടികയില്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍ നാലാം സ്ഥാനത്ത്. ഫോര്‍ബ്‌സ് മാസികയാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹോളിവുഡ് താരം ഡ്വെയ്ന്‍ ജോണ്‍സണ്‍ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 2019 ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 640 കോടി രൂപയണ് ഡ്വെയ്ന്‍ ജോണ്‍സണ്‍ പ്രതിഫലമായി വാങ്ങിയത്. 466 കോടിയാണ് അക്ഷയ് കുമാര്‍ വാങ്ങിയ പ്രതിഫലം.

2018-ല്‍ 270 കോടി രൂപയുടെ വരുമാനത്തില്‍ നിന്നുമാണ് അക്ഷയ് കുമാര്‍ ബഹുദൂരം മുന്നിലെത്തിയിരിക്കുന്നത്. ഇരുപതോളം ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ താരം ഒപ്പുവച്ചിരുന്നു. അതേസമയം ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ട സമ്പന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ആദ്യ പത്ത് പേരിലെ ഏക ബോളിവുഡ് നടനും അക്ഷയ് കുമാറാണ്.

മാര്‍വല്‍ സീരീസില്‍ തോര്‍ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ക്രിസ് ഹെംസ്വര്‍ത്ത് ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 547 കോടി രൂപയാണ് താരത്തിന്റെ വരുമാനം. അയണ്‍മാന്‍ താരം റോബര്‍ട്ട് ഡൗണി ജൂനിയര്‍ ആണ് മൂന്നാം സ്ഥാനത്ത്.

അതേസമയം മിഷന്‍ മംഗള്‍ ആണ് അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമായി ഒടുവില്‍ തീയറ്ററുകളിലെത്തിയ ചിത്രം. ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് ഇത്. ജഗന്‍ ശക്തിയാണ് ചിത്രത്തിന്റെ സംവിധായകന്‍. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഐഎസ്ആര്‍ഒയുടെ മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്റെ കഥയാണ് മിഷന്‍ മംഗള്‍ എന്ന സിനിമയ്ക്ക് പ്രചോദനമായിരിക്കുന്നത്. അതേസമയം മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ പ്രൊജക്ടിന്റെ ഭാഗമായിട്ടുള്ള വനിതാ എഞ്ചിനിയര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കുമുള്ള ആദരവ് കൂടിയാണ് മിഷന്‍ മംഗള്‍ എന്ന സിനിമ.  ചിത്രത്തിലെ അക്ഷയ് കുമാറിന്റെ അഭിനയവും ഏറെ പ്രശംസകള്‍ നേടുന്നുണ്ട്.