“എനിക്ക് ഏറ്റവും അസൂയയും ദേഷ്യവുമുള്ള ഐറ്റമാണ് സൗബിന്‍”; ചിരിപടര്‍ത്തി കുഞ്ചാക്കോ ബോബന്‍റെ വാക്കുകള്‍: വീഡിയോ

August 6, 2019

ചുരുങ്ങിയ കാലയളവുകൊണ്ട് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് സൗബിന്‍ സാഹിര്‍. കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടുമെല്ലാം താരം വെള്ളിത്തിരയില്‍ മികച്ചു നില്‍ക്കുന്നു. സൗബിനെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍ പറഞ്ഞ വാക്കുകളാണ് പ്രേക്ഷകര്‍ക്കിടയില്‍ ചിരി പടര്‍ത്തുന്നത്. ഒപ്പം ഈ വാക്കുകള്‍ക്ക് കൈയടിയ്ക്കുകയാണ് സോഷ്യല്‍മീഡിയ. സൗബിന്‍ സാഹിര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് അമ്പിളി. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് രസകരമായ വാക്കുകള്‍ക്കൊണ്ട കുഞ്ചാക്കോ ബോബന്‍ സൗബിനെ പ്രശംസിച്ചത്.

ചിത്രത്തിലെ മനോഹരമായൊരു പാട്ട് അടുത്തിടെ പുറത്തെത്തിയിരുന്നു. ഞാന്‍ ജാക്‌സനല്ലടാ ന്യൂട്ടനല്ലടാ എന്ന വരികള്‍ പ്രേക്ഷകര്‍ ഏറ്റുപാടി തുടങ്ങിയതാണ്. ഇപ്പോഴിതാ സിനിമയുടെ ഓഡിയോ ലോഞ്ചിന് എത്തിയ സൗബിന്‍ സാഹിറും കുഞ്ചാക്കോ ബോബനും നസ്രിയയുടെ സഹോദരന്‍ നവീനും ചോര്‍ന്ന് ഈ ഗാനത്തിന് ഡാന്‍സ് ചെയ്തിരിക്കുകയാണ്. ഈ വീഡിയോയും ഇതിനോടകംതന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. നവീനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. വിഷ്ണു വിജയ് സംഗീതം പകര്‍ന്നിരിക്കുന്നു. ആന്റണി ദാസനാണ് ആലാപനം. ആന്റണി ദാസന്‍ ഓഡിയോ ലോഞ്ചില്‍ ഈ പാട്ട് പാടി. നസ്രിയ, ദിലീഷ് പോത്തന്‍ തുടങ്ങി നിരവധി താരങ്ങളും ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തു.

ടൊവിനോ തോമസ് നായകനായെത്തിയ ‘ഗപ്പി’ എന്ന ചിത്രത്തിനു ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘അമ്പിളി’. ഗപ്പി എന്ന സിനിമയിലൂടെ പ്രേക്ഷക പ്രീതി നേടിയ സംവിധായകനാണ് ജോണ്‍പോള്‍ ജോര്‍ജ്. അതുകൊണ്ടുതന്നെ പുതിയ ചിത്രത്തെയും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നതും. അമ്പിളിയില്‍ ടൈറ്റില്‍ കഥാപാത്രമായാണ് സൗബിനെത്തുന്നത്. നടി പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

സംവിധാന സഹായി ആയിട്ടായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള സൗബിന്റെ അരങ്ങേറ്റം. പിന്നീട് സഹനടനായി നിരവധി സിനിമകളില്‍ താരം തിളങ്ങി. സുഡാനി ഫ്രം നൈജീരിയ ആണ് സൗബിന്‍ നായക കഥാപാത്രമായെത്തിയ ആദ്യ ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും സൗബിനെ തേടിയെത്തി.

അന്നയും റസൂലും, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ചന്ദ്രേട്ടന്‍ എവിടെയാ, പ്രേമം, റാണി പത്മിനി, ലോഹം, കലി, ഡാര്‍വിന്റെ പരിണാമം, അനുരാഗ കരിക്കിന്‍വെള്ളം, പറവ, സോളോ, കമ്മട്ടിപ്പാടം, ഹാപ്പി വെഡ്ഡിംഗ് തുടങ്ങി നിരവധി സിനിമകളില്‍ സൗബിന്‍ വിത്യസ്ത കഥാപാത്രങ്ങള്‍ക്കൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനായി. അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ പറവ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചതും സൗബിന്‍ സാഹിര്‍ ആയിരന്നു.