‘ഐ നോ യു ആർ സർപ്രൈസ്ഡ്’ ചിരിപടർത്തി ‘ലൗ ആക്ഷൻ ഡ്രാമ’ ടീസർ

August 25, 2019

നിവിൻ പോളിയെ നായകനാക്കി ധ്യാന്‍ ശ്രീനിവാസന്‍ ഒരുക്കുന്ന ചിത്രമാണ് ലൗ ആക്ഷൻ ഡ്രാമ. ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. നടൻ മോഹൻലാലും പ്രണവ് മോഹൻലാലും ചേർന്നാണ് ടീസർ  പുറത്തുവിട്ടത്.

ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളായ ദിനേശനേയും ശോഭയേയും വെള്ളിത്തിരയിൽ എത്തിക്കുന്നത് നിവിന്‍ പോളിയും നയന്‍ താരയുമാണ്. നിവിന്‍ പോളിക്കും നയന്‍ താരയ്ക്കുമൊപ്പം ഉറുവശിയും അജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

അജു വര്‍ഗീസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ലൗ ആക്ഷന്‍ ഡ്രാമ. അജു വര്‍ഗീസിനൊപ്പം വിശാല്‍ സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷാന്‍ റഹ്മനാണ് ചിത്രത്തിലെ സംഗീത സംവിധായകന്‍. പ്രദീപ് വര്‍മ്മ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിവേക് ഹര്‍ഷനാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഓണത്തോട് അനുബന്ധിച്ച് തീയറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം.

Read also: ‘അടി, ഇടി, ബഹളം’; തരംഗമായി ‘ബ്രദേഴ്‌സ് ഡേ’ ട്രെയ്‌ലർ 

തന്റെ ആദ്യ സംവിധായക സംരംഭത്തിലെ പ്രധാന താരങ്ങള്‍ക്ക് അച്ഛന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ താരങ്ങളുടെ പേരുകള്‍ നല്‍കിയ ധ്യാന്‍ ശ്രീനിവാസന്‍ ഇനിയുമേറെ കൗതുകങ്ങള്‍ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുമെന്നാണ് ചലച്ചിത്രലോകവും പ്രതീക്ഷിക്കുന്നത്.

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം ചലച്ചിത്ര സംവിധാന രംഗത്തേക്കും നിര്‍മ്മാണ രംഗത്തേക്കുമെല്ലാം അരങ്ങേറ്റം കുറിക്കുന്ന താരങ്ങള്‍ നിരവധിയാണ്. ധ്യാന്‍ ശ്രീനിവാസനും ഇത്തരത്തില്‍ സംവിധാന രംഗത്തേക്ക് ചുവടുമാറുമ്പോൾ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും ചിത്രത്തെ കാത്തിരിക്കുന്നത്. അതേസമയം ‘കുട്ടിമാമ’ എന്ന ചിത്രമാണ് ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന കഥാപാത്രമായി വെള്ളിത്തിരയിലെത്തിയ അവസാന ചിത്രം. ശ്രീനിവാവസനും ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്.