പാട്ടുപാടി മോഹൻലാൽ, താളമിട്ട് സുചിത്രയും പ്രണവും; വീഡിയോ

മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത നടനാണ് മോഹൻലാൽ…നടനായും ഗായകനായും തിളങ്ങിനിൽക്കുന്ന താരം സംവിധാന രംഗത്തേക്കും ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ്. അതേസമയം അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ബിഗ്ബ്രദർ. സിദ്ധിഖ് ഒരുക്കുന്ന ആക്‌ഷൻ കോമഡി ചിത്രമാണ് ബിഗ് ബ്രദർ. ചിത്രത്തിൽ അഭിനയിക്കാൻ മോഹൻലാലിനൊപ്പം സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനും എത്തുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.
അതേസമയം മോഹൻലാലിനൊപ്പമുള്ള അർബാസ് ഖാന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. പിറന്നാൾ ആഘോഷത്തിനിടയിലെ ലാലേട്ടന്റെ പാട്ടാണ് ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുന്നത്. ‘യേ ദോസ്തി ഹം നഹി ചോടെങ്കി’എന്ന ഗാനമാണ് അർബാസ് ഖാനൊപ്പം ലാലേട്ടൻ പാടിയത്. പൃഥ്വിരാജ്, സുചിത്ര, സുപ്രിയ, പ്രണവ് മോഹൻലാൽ, ആന്റണി പെരുമ്പാവൂർ എന്നിവരും ഒന്നിച്ചാണ് പിറന്നാൾ ആഘോഷിച്ചത്.
മോഹൻലാൽ സിദ്ധിഖ് കൂട്ടുകെട്ടിലൊരുങ്ങിയ അവസാന ചിത്രം 2013 ൽ തിയേറ്ററുകളിൽ എത്തിയ ‘ലേഡീസ് ആൻഡ് ജെന്റിൽ മെൻ’ ആണ്. ചിത്രത്തിന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചിരുന്നില്ല. അതിനാൽ കൂടുതൽ ശ്രദ്ധയോടെയാണ് പുതിയ ചിത്രത്തിനുവേണ്ടി ഇരുവരും ഒരുങ്ങുന്നത്.
അതേസമയം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’, ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, എന്നീ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ തിരക്കിലാണ് സൂപ്പർ സ്റ്റാറിപ്പോൾ. ഇട്ടിമാണി സംവിധാനം ചെയ്യുന്നത് നവാഗതരായ ജിബി- ജോജുവാണ്. ചിത്രത്തില്‍ തൃശൂര്‍ ഭാഷയിലാണ് മോഹന്‍ലാല്‍ സംസാരിക്കുക എന്നതാണ് മുഖ്യ ആകര്‍ഷണം