സൂക്ഷിച്ച് നോക്കണ്ട ഇവൻ തന്നെയാണ് അവൻ; ‘തണ്ണീർമത്തൻ’ ദിനങ്ങളിലെ കൈയടി നേടിയ നസ്ലിൻ ഇതാ

August 2, 2019

സിനിമകളിലേക്ക് ചുവടുവയ്ക്കുന്നവരെ സംബന്ധിച്ച് വെള്ളിയാഴ്ചകൾ മിക്കപ്പോഴും അവർക്ക് നിർണായകമാണ്. ചിലപ്പോൾ ചില വെള്ളിയാഴ്ചകൾ തലവരകൾ തന്നെ മാറ്റിവരച്ചേക്കാം. അത്തരത്തിൽ ഒരു വെള്ളിയാഴ്ച കൊണ്ട് തലവര മാറിയ താരമാണ് തണ്ണീർമത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയനായ നെസ്ലിൻ. ആദ്യ ചിത്രത്തിലൂടെത്തന്നെ ഇത്രയധികം കൈയ്യടി നേടുന്ന നെസ്‌ലിൻ  എന്ന ബിടെക്ക് വിദ്യാർത്ഥിയുടെ സിറ്റുവേഷൻ കോമഡികൾക്ക് മലയാളികൾ അകമറിഞ്ഞ് ചിരിക്കുകയായിരുന്നു.

‘ബുദ്ധി മെയിനായിട്ടുള്ള’ മെൽവിൻ (നെസ്ലിൻ) എന്ന കുട്ടിയെ ചിത്രം കണ്ടതിന് ശേഷം പ്രശംസിക്കാത്തവരായി ആരുമില്ല..അത്രയധികം മനോഹരമായാണ് മെൽവിൻ  എന്ന കഥാപാത്രം ചിത്രത്തിൽ നിറഞ്ഞുനിന്നത്. തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ചിത്രമാണ് അടുത്തിടെ പുറത്തിറങ്ങിയ തണ്ണീർമത്തൻ ദിനങ്ങൾ.

ഏറെ ആഘോഷങ്ങളോടെ എത്തിയ മമ്മൂട്ടി ചിത്രം മധുരരാജായിലൂടെയാണ് നെസ്ലിൻ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ആൾക്കൂട്ടത്തിൽ ഒരാളായി മാത്രം എത്തിയ നെസ്ലിൻ പുതിയ ചിത്രത്തിലെ ഒരു മിഴുനീള കഥാപാത്രമായി എത്തുന്നതിലെ സന്തോഷം പങ്കുവച്ചിരിക്കുകയാണ്  നെസ്‌ലിൻറെ സുഹൃത്ത് വിഷ്ണു ദേവൻ.

‘അന്ന് മധുരരാജ റിലീസ് ആയപ്പോൾ ഒരു ഫ്രെയിമിൽ താനുണ്ടെന്നും പറഞ്ഞ് തിയേറ്ററിൽ വെച്ച് ഫോട്ടോ എടുത്ത് ഞങ്ങളെ ഒക്കെ കാണിച്ച അതേ നെസ്‌ലി, ഇന്ന് അവന് വേണ്ടി കയ്യടിക്കാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനും വേണ്ടി കുറേ ആളുകളൊക്കെ വരുന്നത് കാണുമ്പോളൊക്കെയാണ് തണ്ണീർമത്തൻ ദിനങ്ങളുടെ വിജയം ഏറെ പ്രിയപ്പെട്ടതായി മാറുന്നത്’.

സ്‌കൂള്‍ പശ്ചാത്തലമാക്കി ഒരുക്കിയിട്ടുള്ള ചിത്രം പ്രേക്ഷകരെ സ്കൂൾ കാലഘട്ടത്തിന്റെ മനോഹര ഓർമ്മകളിലേക്ക് എത്തിക്കുന്നുണ്ട്. ലളിതമായ അവതരണ രീതിയിലൂടെ പ്രേക്ഷകരിലേക്ക് ചിത്രത്തെ എത്തിക്കുവാൻ സംവിധായകൻ ഗിരീഷ് എ ഡിയ്ക്കും അണിയറ പ്രവർത്തകർക്കും സാധിച്ചിട്ടുണ്ട്.