ജലോത്സവത്തിനായി ആലപ്പുഴ ഒരുങ്ങി; മുഖ്യാതിഥിയായി സച്ചിൻ തെൻഡുൽക്കർ

August 31, 2019

67-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയ്ക്ക് ആലപ്പുഴയിൽ ആരംഭം കുറിയ്ക്കുന്നു. ഓളപ്പരപ്പില്‍ ഒരു ജലയുദ്ധത്തിനാണ് പുന്നമട ഒരുങ്ങുന്നത്. 23 ചുണ്ടൻവള്ളങ്ങളാണ് മത്സരത്തിനായി ഒരുങ്ങുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറാണ് ജലോത്സവത്തിന് മുഖ്യാതിഥിയായി എത്തുന്നത്. ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ് നടക്കും. വിവിധ വിഭാഗങ്ങളിലായി 79 വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുക. രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ മത്സരത്തോടെ ജലോത്സവത്തിന് തുടക്കമായി.

അറിയാം നെഹ്‌റു ട്രോഫിയുടെ ചരിത്രം 

1954 ൽ കേരളം സന്ദർശിക്കാൻ എത്തിയ ജവഹർലാൽ നെഹ്‌റുവിന് കുട്ടനാട്  കാണാൻ ഒരു ആഗ്രഹം. കോട്ടയത്ത് നിന്നും ജലമാർഗം ആലപ്പുഴയ്ക്ക് പോകാൻ ഇറങ്ങിയ അദ്ദേഹം,  കുട്ടനാടിന്റെ ഭംഗിയിൽ ആകൃഷ്‌ടനായി. കായലിലെ കരിവീരൻ ചുണ്ടൻമാരെ ഇറക്കി നെഹ്‌റുവിനെ കുട്ടനാട് ഗ്രാമം സ്വാഗതം ചെയ്തു. ഒൻപത് വള്ളങ്ങൾ വെള്ളത്തിലിറങ്ങിയ കാഴ്ച അദ്ദേത്തിൽ ആവേശം നിറച്ചു. ഹർഷാരവത്തോടെ ആദ്യം തുഴഞ്ഞെത്തിയ വള്ളത്തിൽ അദ്ദേഹം കയറി… കുട്ടനാട്ടിലെ ഈ മനോഹര ദൃശ്യത്തിന് സാക്ഷിയായ അദ്ദേഹം പ്രഖ്യാപിച്ചതാണ് വർഷാവർഷം നടത്തുന്ന ഈ വള്ളം കളി. അദ്ദേഹത്തിന്റെ മരണശേഷം ഈ വള്ളംകളിയ്ക്ക് നെഹ്‌റു ട്രോഫി എന്ന പേരും വന്നു.

അതേസമയം ഈ   വർഷം നടത്തുന്ന വള്ളംകളി റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മലയാള മാധ്യമങ്ങളെ വിലക്കി. സംപ്രേഷണാവകാശം സ്റ്റാർ സ്‌പോർട്‌സിനാണ്  നൽകിയിരിക്കുന്നത്. ടൂറിസം വകുപ്പിന്റേതാണ് നടപടി.