കാട്ടിൽ തെക്കേതിൽ ഇനി ജലരാജാവ്; നെഹ്‌റു ട്രോഫി വള്ളംകളിയിൽ ഹാട്രിക്ക് ജയം നേടി പള്ളാത്തുരുത്തി ബോട്ട് ക്ലബ്

September 4, 2022

രണ്ട് വർഷങ്ങൾക്ക് ശേഷം കൊവിഡ് നിയന്ത്രണങ്ങളില്ലാതെ നടത്തിയ ആവേശകരമായ നെഹ്‌റു ട്രോഫി വള്ളംകളിയിൽ കാട്ടിൽ തെക്കേതിൽ ചുണ്ടൻ വള്ളം കിരീടം നേടി. 68-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയാണ് ഇത്തവണ നടന്നത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയെറി‍ഞ്ഞ കാട്ടിൽ തെക്കേതിൽ ചുണ്ടൻ വിജയം കരസ്ഥമാക്കിയതോടെ ക്ലബ്ബിന് ഇത് ഹാട്രിക്ക് വിജയം കൂടിയായി. കഴിഞ്ഞ തവണത്തെ ചാമ്പ്യൻസ് ബോട്ട് ലീഗ് വിജയികളാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്.

4:30:77 മിനിറ്റിലാണ് കാട്ടിൽ തെക്കേതിൽ ഫിനിഷിങ് പോയിന്റ് തൊട്ടത്. രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടനും മൂന്നാം സ്ഥാനം വീയപുരം ചുണ്ടനും നേടി. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ, പുന്നമട ബോട്ട് ക്ലബ്‌ തുഴഞ്ഞ വീയപുരം ചുണ്ടൻ, പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ, കുമരകം കൈപ്പുഴമുട്ട് എൻസിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ എന്നീ ചുണ്ടൻ വള്ളങ്ങളാണ് 68-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഫൈനലിൽ ഉണ്ടായിരുന്നത്.

20 ചുണ്ടൻ വള്ളങ്ങൾ അടക്കം 77 കളിവള്ളങ്ങളായിരുന്നു മത്സരിക്കാനെത്തിയത്. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രി കെ എൻ ബാലഗോപാൽ മത്സരം ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ആൻഡമാൻ നിക്കോബാർ ലഫ്റ്റനന്റ് റിട്ട. അഡ്മിറൽ ഡി.കെ ജോഷി മുഖ്യാതിഥിയായി. കൊവിഡ് നിയന്ത്രണങ്ങളില്ലാതെ നടത്തിയ വള്ളംകളിക്ക് ആയിരക്കണക്കിന് ആളുകളാണ് ആവേശം പകർന്നത്.

Read More: ഐഎസ്എൽ മത്സരക്രമം പുറത്തു വന്നു; ഉദ്ഘാടനമത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും

രണ്ട് വർഷത്തിന് ശേഷം നടക്കുന്നതുകൊണ്ട് തന്നെ ഇക്കുറി ആവേശം ഇരട്ടിയായിരുന്നു. 40 ലക്ഷത്തോളം രൂപയുടെ ടിക്കറ്റുകളാണ് വിറ്റുപോയത്. വള്ളംകളിയോട് അനുബന്ധിച്ച് കനത്ത സുരക്ഷയായിരുന്നു ജില്ലയിൽ ഒരുക്കിയിരുന്നത്. ഇതിനായി 2000 ത്തോളം പോലീസുകാരെ വിന്യസിച്ചിരുന്നു.

Story Highlights: Kattil thekkethil nehru trophy champions