ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് വെട്ടിക്കുറച്ച് ബിസിസിഐ
ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് വെട്ടിക്കുറച്ചു. ബിസിസിഐ വിലക്ക് ഏഴ് വര്‍ഷമായാണ് കുറച്ചത്. ഇതുപ്രകാരം 2020 സെപ്തംബറോടെ താരത്തിന്റെ വിലക്ക് അവസാനിക്കും. ബിസിസിഐ ഓംബുഡ്സ്മാന് ഡികെ ജെയിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
2013-ലാണ് ശ്രീശാന്ത് കോഴ വിവാദത്തില്‍പെടുന്നത്. ഐപിഎല്‍ ക്രിക്കറ്റില്‍ രാജസ്ഥാന് റോയല്‍സിനുവേണ്ടി കളിക്കുമ്പോള്‍ റണ്‍സ് വിട്ടുകൊടുക്കുന്നതിനായ് പത്ത് ലക്ഷം രൂപ കൈപ്പറ്റി എന്നായിരുന്നു ശ്രീന്തിനെതിരെ ഉയര്‍ന്ന ആരോപണം. ഇതേ തുടര്‍ന്നാണ് താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ സുപ്രീംകോടതി താരത്തെ വെറുതെ വിട്ടെങ്കിലും ബിസിസിഐ വിലക്ക് തുടര്‍ന്നു.
പലതവണ അപ്പീല്‍ നല്‍കിയിട്ടും ബിസിസിഐ വിലക്ക് മാറ്റാന്‍ തയാറായിരുന്നില്ല. അതേസമയം ഈ വര്‍ഷം ഏപ്രിലില്‍ ഓംബുഡ്സ്മാനോട് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വിലക്ക് വെട്ടിക്കുറച്ചുകൊണ്ടുള്ള ബിസിസിഐയുടെ നടപടി.
രാജ്യാന്തരവും ആഭ്യന്തരവുമായിട്ടുള്ള മത്സരങ്ങളില്‍ നിന്നും താരത്തെ വിലക്കിയിരുന്നു. ഇതുമൂലം നിരവധി മത്സരങ്ങളും ശ്രീശാന്തിന് നഷ്ടപ്പെട്ടു. വാതുവെയ്പ് കേസില്‍ രാജസ്ഥാന് റോയല്‍സ് രണ്ട് വര്‍ഷത്തെ വിലക്കായിരുന്നു ശ്രീശാന്തിന് ഏര്‍പ്പെടുത്തിയത്. എന്നാല്‍ വതുവെയ്പ് കേസിലെ ദുരൂഹതകള്‍ പൂര്‍ണ്ണമായും നീക്കാന്‍ ശ്രീശാന്തിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു ബിസിസിഐയുടെ നിലപാട്. അന്താരാഷ്ട്ര തലത്തില്‍ പോലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ശ്രീശാന്തിനെതിരെയുള്ള വാതുവെയ്പ്പ് കേസ്.
കിങ്സ് ഇലവന് പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ തന്റെ രണ്ടാം ഓവറില്‍ പതിനാലോ അധിലധികമോ റണ്‍സ് വിട്ടുകൊടുക്കാമെന്ന് ശ്രീശാന്ത് വാഗ്ദാനം ചെയ്തുവെന്നതായിരുന്നു താരത്തെക്കുറിച്ചുള്ള ആരോപണം.