വര്‍ഷം എത്ര കഴിഞ്ഞാലും ദേ, ഇതുപോലെ ആദ്യപ്രണയത്തെ ഓര്‍ക്കാറുണ്ടാകില്ലേ….! വീഡിയോ

August 2, 2019

‘പ്രണയം’ എത്രയോ തീവ്രമായ അനുഭവം. ജീവിതം പ്രണയസുരഭിലമായിരിക്കണമെന്ന് കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ പോലും കുറിച്ചിട്ടുണ്ട്. പ്രണയത്തെക്കുറിച്ച് പറയാനും ഓര്‍ക്കാനും ഇഷ്ടപ്പെടുന്നവര്‍ ഏറെയുണ്ട്. പ്രത്യേകിച്ച് ആദ്യ പ്രണയത്തെ. ചിലപ്പോഴൊക്കെ അങ്ങനെയാണ് ഒരു നനുത്ത കാറ്റുപോലെ പ്രണയത്തിന്റെ ഓര്‍മ്മകള്‍ ഉള്ളിന്റെ ഉള്ളില്‍ അലയടിച്ചുകൊണ്ടേയിരിക്കും. ആദ്യ പ്രണയത്തിന്റെ ഓര്‍മ്മകള്‍ എന്നും ഒരു ശിശിര കാലം പോലെയാണ്. അത്രമേല്‍ ആര്‍ദ്രവും മനോഹരവുമാണ് ആദ്യ പ്രണയം.

വയസെത്രെ ആയാലും ഹൃദയത്തിന്റെ അങ്ങ് വടക്ക് കിഴക്കേ അറ്റത്ത്, ഒരു കോണില്‍ ആദ്യ പ്രണയത്തിന്റെ ഓര്‍മ്മകള്‍ ആരുമറിയാതെ കാത്ത് സൂക്ഷിക്കുന്നവരാണ് പലരും. ആദ്യ പ്രണയത്തിന്റെ മനോഹരമായ ഓര്‍മ്മപ്പെടുത്തലുകള്‍ സമ്മാനിക്കുകയാണ് ഒരു സ്‌പെഷ്യല്‍ വീഡിയോ. പ്രായമേറെയായിട്ടും തന്റെ ആദ്യ പ്രണയിനിയെ കാണാന്‍ ഒരു അപ്പൂപ്പന്‍ നടത്തുന്ന സാഹസവും അനന്തര ഫലവുമെല്ലാം ഈ വീഡിയോയില്‍ പ്രതിഫലിച്ചിരിക്കുന്നു. അപ്പൂപ്പന്റെ പ്രണയത്തിന് കൂട്ടുനില്‍ക്കുന്ന കൊച്ചുമകനും വീഡിയോയില്‍ നിറഞ്ഞു നില്‍ക്കുന്നു.

ഒരു പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. പൊലീസ് സ്റ്റേഷനിലെ ചില രസകരമായ മുഹൂര്‍ത്തങ്ങളും വീഡിയോയില്‍ ഇടം നേടിയിട്ടുണ്ട്. സംവിധാനത്തിലും ദൃശ്യാവിഷ്‌കാരത്തിലുമെല്ലാം ഏറെ മികവ് പുലര്‍ത്തുന്നുണ്ട് ഈ വീഡിയോ. ഹ്രസ്വചിത്രങ്ങളുടെ സംവിധാനത്തിലൂടെ ശ്രദ്ധ നേടിയ വിശാഖ് നന്ദുവാണ് ഈ വീഡിയോയുടെ സംവിധായകന്‍. ധനീഷ് പള്ളിപ്പുറം, പ്രശാന്ത് കണ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമാറ്റോഗ്രഫി. സനു വര്‍ഗീസ് വീഡിയോയുടെ ചിത്രസംയോജനവും നിര്‍വ്വഹിച്ചിരിക്കുന്നു. ഗോഡ്വിന്റെ പശ്ചാത്തലസംഗീതവും ഈ വീഡിയോയെ ആകര്‍ഷണീയമാക്കുന്നു.