സസ്‌പെന്‍സും ഒപ്പം ആക്ഷനും; ദേ ഇതാണ് ‘പൊറിഞ്ചു മറിയം ജോസ്’; ട്രെയ്‌ലര്‍

August 3, 2019

അഭിനയമികവുകൊണ്ട് പ്രേക്ഷകസ്വീകാര്യത നേടിയ നടന്മാരാണ് ചെമ്പന്‍ വിനോദും ജോജു ജോര്‍ജും. ഇരുവരും ഒരുമിച്ചെത്തുന്ന പുതിയ ചിത്രമാണ് പൊറിഞ്ചുമറിയംജോസ്’ ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. പ്രേക്ഷകരുടെ ആകാംഷയും പ്രതീക്ഷയുമെല്ലാം വര്‍ധിപ്പിച്ചുകൊണ്ട് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആക്ഷനും സസ്‌പെന്‍സും ഹാസ്യവുമെല്ലാം ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്.

പേരില്‍തന്നെ ഒരല്പം കൗതുകം ഒളിപ്പിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നൈല ഉഷയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. പൊറിഞ്ചു എന്ന കഥാപാത്രത്തെ ജോജുവാണ് അവതരിപ്പിക്കുന്നത്. നൈല ഉഷ, മറിയം എന്ന കഥാപാത്രമായെത്തുന്നു. ചെമ്പന്‍ വിനോദ് ജോസ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. തൃശൂര്‍ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നു.

Read more:സെറ്റില്‍ ഫഹദ് ഇക്കയെ ‘ഷമ്മി’ ആയിട്ടുതന്നെയാണ് കണ്ടത്: ‘കുമ്പളങ്ങി നൈറ്റ്‌സി’ലെ സിമി: വീഡിയോ

അതേസമയം അടുത്തിടെ ചിത്രത്തിലെ ഒരു ഗാനവും പുറത്തെത്തിയിരുന്നു. ‘മനമറിയുന്നോള്…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. മികച്ച സ്വീകാര്യതയാണ് ഈ ഗാനത്തിനും ലഭിയ്ക്കുന്നത്. മനോഹരമായ താളംതന്നെയാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം. ജ്യോതിഷ് ടി കാശിയുടേതാണ് ഗാനത്തിലെ വരികള്‍ ജെയ്ക്‌സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്നു.വിജയ് യേശുദാസും സച്ചിന്‍ വാര്യരും ചേര്‍ന്നാണ് ആലാപനം. തികച്ചും വിത്യസ്തമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന.

അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജോസഫ് എന്ന ചിത്രത്തിനുശേഷം ജോജു നായകനായി എത്തുന്ന ചിത്രമാണ് പൊറിഞ്ചുമറിയംജോസഫ്. ലൂസിഫറിലാണ് നൈല ഉഷ അവസാനമായി അഭിനയിച്ചത്. ലിജോ ജോസ് പെല്ലിശേരിയുടെ ‘ജെല്ലിക്കെട്ട്’ എന്ന ചിത്രമാണ് ചെമ്പന്‍ വിനോദിന്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.