അഭിനയം മാത്രമല്ല പ്രസംഗവും വഴങ്ങുമെന്ന് തെളിയിച്ച് പൃഥ്വി; കൈയടിച്ച് വിദ്യാർത്ഥികൾ, വീഡിയോ

August 21, 2019

സംവിധായകനായും നടനുമായും വെള്ളിത്തിരയിലെ നിറസാന്നിധ്യമായ പൃഥ്വിരാജിന് ആരാധകര്‍ ഏറെയാണ്. നല്ലൊരു അഭിനേതാവ് മാത്രമല്ല ഒരു പ്രാസംഗികൻ കൂടിയാണ് പൃഥ്വിരാജ്. ഇത് വെളിപ്പെടുത്തുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. സിനിമയുടെ ചിത്രീകരണത്തിനായി തിരഞ്ഞെടുത്ത ഒരു സ്കൂളിൽ പൃഥ്വി നടത്തിയ പ്രസംഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഷൂട്ടിങ് നടക്കുന്ന ദിവസം സ്കൂളിൽ ആർട്സ് ഡേ ആയിരുന്നു. മുഖ്യാതിഥിയായി എത്തിയപ്പോഴാണ് പൃഥ്വി കുട്ടികൾക്കായി പ്രസംഗം നടത്തിയത്.

‘എല്ലാവരും മിടുക്കന്മാരും മിടുക്കികളുമാണ്. ഇന്നല്ലെങ്കിൽ നാളെ നിങ്ങളുടെ കഴിവുകൾ നിങ്ങൾ തിരിച്ചറിയും. പഠിപ്പിക്കുന്ന പാഠങ്ങൾക്ക് അപ്പുറം നമ്മെ സ്വയം പഠിപ്പിക്കുന്ന ഒരുപിടി കാര്യങ്ങൾ നമ്മുടെ ചുറ്റുമുണ്ട്, അത് സ്വയം പഠിക്കാൻ ശ്രമിക്കണ’മെന്നും പൃഥ്വി പറഞ്ഞു.

ഡ്രൈവിങ് ലൈസൻസ് സംവിധാനം ചെയ്യുന്നത് ‘ ജീന്‍ പോള്‍ ലാല്‍ ആണ്. സിനിമയിൽ വാഹന പ്രേമിയായ ഒരു സൂപ്പർ സ്റ്റാറായാണ് പൃഥ്വി എത്തുന്നത്. സുരാജ് വെഞ്ഞാറമ്മൂടാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായാണ് അദ്ദേഹമെത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിർമ്മിക്കുന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും നേരത്തെ ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read also: കീർത്തി സുരേഷ് ബോളിവുഡിലേക്ക്; ആദ്യ ചിത്രം അജയ് ദേവ്ഗണ്ണിനൊപ്പം 

സച്ചിയാണ് ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ സഹ നിര്‍മ്മാതാവാണ്. പൃഥ്വിരാജ് നിര്‍മ്മാതാവും നായകനുമാകുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഡ്രൈവിങ് ലൈസന്‍സിന്. ‘നയണ്‍(9)’ ആയിരുന്നു താരം നിര്‍മ്മാതാവും നായകനുമായെത്തിയ ആദ്യ ചിത്രം.