“സിന്ധുവിന്‍റെ വിജയം വരുംതലമുറകള്‍ക്കും പ്രചോദനം”; അഭിനന്ദിച്ച് പി ടി ഉഷ

August 26, 2019

ലോക ബാഡ്മിന്റണ്‍ ചരിത്രത്തില്‍ ഇന്ത്യയുടെ നാമം തങ്ക ലിപികളാല്‍ കുറക്കപ്പെട്ടിരിക്കുകയാണ് പി വി സിന്ധുവിലൂടെ. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ പി വി സിന്ധു സ്വര്‍ണ്ണത്തിളക്കത്തിലാണ്. നിരവധി പേര്‍ സിന്ധുവിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. സിന്ധുവിന്റെ വിജയം വരും തലമുറകള്‍ക്കും പ്രചോദനമാണെന്ന് കായിക താരം പിടി ഉഷ ട്വീറ്റ് ചെയ്തു. സിന്ധുവിനൊപ്പമുള്ള ഒരു പഴയകാല ചിത്രം പങ്കുവച്ചുകൊണ്ടാണ് പി ടി ഉഷ താരത്തെ അഭിനന്ദിച്ചത്.

അതേസമയം പി വി സിന്ധു ഇന്ത്യയുടെ അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സിന്ധുവിന്റെ നേട്ടം അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പി വി സിന്ധു. ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം നേടിയത്. സ്‌കോര്‍ 21-7, 21-7. 38 മിനിറ്റുകള്‍ നീണ്ടുനിന്ന മത്സരത്തില്‍ തുടക്കം മുതല്‍ക്കെ സിന്ധുവിന് തന്നെയായിരുന്നു ആധിപത്യം.

Read more:ഡ്യൂറന്റ് കപ്പ് കേരളത്തിന് സമ്മാനിച്ച് ഗോകുലം കേരള എഫ്‌സി

അതേസമയം ചൈനീസ് താരമായ ചെന്‍ യു ഫെയിയെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് സിന്ധു സെമി ഫൈനലില്‍ വിജയം നേടിയത്. സ്‌കോര്‍ 21-7, 21-14. കഴിഞ്ഞ രണ്ട് വര്‍ഷവും ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സിന്ധുവിന് ജയിക്കാനായില്ല. എന്നാല്‍ ആ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് ഇത്തവണ താരം. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ രണ്ട് തവണ പി വി സിന്ധു വെങ്കലവും നേടിയിട്ടുണ്ട്.