പി വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍
ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യന്‍ താരം പി വി സിന്ധു. ചൈനീസ് താരമായ ചെന്‍ യു ഫെയിയെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് സിന്ധു സെമി ഫൈനലില്‍ വിജയം നേടിയത്. സ്കോര്‍ 21-7, 21-14.
മത്സരത്തിന്റെ തുടക്കം മുതല്ക്കേ പി വി സിന്ധുവിന് തന്നെയായിരുന്നു ആധിപത്യം. 40 മിനിറ്റു മാത്രമാണ് സെമി ഫൈനല്‍ പോരാട്ടം നീണ്ടത്. ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള ചെന്‍ യു ഫെയിയെ പരാജയപ്പെടുത്തിയ സിന്ധുവിന് ഇനി വരാനിരിക്കുന്നത് തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ പോരാട്ടമാണ്.
കഴിഞ്ഞ രണ്ട് വര്‍ഷവും ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സിന്ധുവിന് ജയിക്കാനായില്ല. ലോക ചാംപ്യന്‍ഷിപ്പില്‍ രണ്ട് വെള്ളിയും രണ്ട് വെങ്കലവുമടങ്ങുന്നതാണ് സിന്ധുവിന്റെ നേട്ടം. എന്നാല്‍ ഇത്തവണ താരം സ്വര്‍ണം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ചൈനീസ് തായ്പേയ് താരം തായ് യസു യിങ്ങിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് മറികടന്നാണ് പി വി സിന്ധു സെമിഫൈനലില്‍ എത്തിയത്. 12-21, 23-21, 21-19 ആണ് ക്വാര്‍ട്ടറിലെ പോയിന്റ് നില.
2016 ലെ ഒളിമ്പിക്സില്‍ വെള്ളി നേടിയതോടെയാണ് സിന്ധു ഇന്ത്യന്‍ ബാഡ്മിന്റണ്‍ രംഗത്ത് ശ്രദ്ധേയമായത്. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ സ്വര്‍ണ്ണം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ലോകപ്രശസ്തരായ ഷട്ട്ലര്‍മാരുടെ ഇടയില്‍ ഒരിടം പി.വി സിന്ധുവിനുണ്ട്.