ബാഡ്മിന്റൺ ഏഷ്യ ടീം ചാമ്പ്യൻഷിപ്പ്; ചരിത്രത്തിലാദ്യമായി വൻകര ജേതാക്കളായി ഇന്ത്യൻ വനിതകൾ

February 18, 2024

ബാഡ്മിന്റൺ ഏഷ്യ ടീം ചാമ്പ്യൻഷിപ്പിൽ കിരീടം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. മലേഷ്യയിൽ നടന്ന ഫൈനൽ മത്സരത്തിൽ തായ്‌ലൻഡിനെ 3-2ന് തോൽപ്പിച്ചാണ് ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്. പി.വി സിന്ധു, ഗായത്രി ഗോപീചന്ദ്, മലയാളി താരം ട്രീസ ജോളി, അൻമോൾ ഖർബ് എന്നിവരാണ് നിർണായക പോരാട്ടങ്ങളിൽ തായ്‌ലൻഡിനെ വീഴ്ത്തിയത്. ( India became Badminton Asia team champions first in history )

ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ബാഡ്മിന്റൺ ഏഷ്യ ടീം ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയതും കിരീടം ചൂടുന്നതും. ടൂർണമെന്റിൽ കരുത്തരായ ചൈന, ഹോങ്കോങ്, ജപ്പാൻ, തായ്‍ലൻഡ് ടീമുകളെ പരാജയപ്പെടുത്തിയാണ് അഭിമാന നേട്ടത്തിലെത്തിയത്.

പരിക്കേറ്റ് വിശ്രമത്തിലായിരുന്ന സൂപ്പർ താരം പി.വി സിന്ധുവിന്റെ തിരിച്ചുവരവിന് വേദിയായ ടൂർണമെന്റ് കൂടിയായിരുന്നു ഇത്. തായ്‌ലൻഡിന്റെ സുപനിന്ദ കതേതോങ്ങിനെ 21-12, 21-21ന് തോൽപ്പിച്ച് സിന്ധു ഫൈനലിൽ ഇന്ത്യൻ ടീമിന് ആദ്യ ലീഡ് നൽകി. 39 മിനിറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് സിന്ധു വിജയം പിടിച്ചത്.

തുടർന്ന് ഡബിൾസിൽ ഗായത്രി ഗോപീചന്ദ് – ട്രീസ ജോളി സഖ്യം മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ജോങ് കൊൽഫാം കിതിതറാകുൽ – രവിന്ദ പ്രജോങ്ജൽ സഖ്യത്തെ വീഴ്ത്തി. സ്കോർ: 21-16, 18-21, 21-16. അതേസമയം ഇന്ത്യൻ താരം അശ്മിത ചാലിഹ ബുസാനൻ ഓങ്ബാംറുങ്ഫാനോട് തോറ്റതും (11-21, 14-21) രണ്ടാം ഡബിൾസിൽ പ്രിയ കോൻജങ്ബാം-ശ്രുതി മിശ്ര സഖ്യത്തിന്റെ തോൽവിയും ഇന്ത്യക്ക് തിരിച്ചടിയായി.

Read Also : പ്രായം നാല് മാസം, അപാര ഓർമശക്തി, ലോക റെക്കോഡിന്റെ നെറുകയിൽ കൈവല്യ..!

എന്നാൽ, നിർണായകമായ അവസാന പോരാട്ടത്തിൽ പതിനാറുകാരി അൻമോൾ ഖർബ് ലോക 45-ാം റാങ്കുകാരിയായ പോൺപിച്ച ചൊയ്കീവോങ്ങിനെ 21-14, 21-9 എന്ന സ്കോറിന് പരാജയപ്പെടുത്തി ഇന്ത്യയെ ചരിത്ര നേട്ടത്തിലേക്ക് നയിക്കുകയായിരുന്നു. ലോക റാങ്കിങ്ങിൽ 472-ാം സ്ഥാനക്കാരിയാണ് അൻമോൾ ഖർബ്.

Story highlights : India became Badminton Asia team champions first in history