കൊടും ക്രൂരതയില്‍ നിന്നും മോചിതനായിട്ട് അഞ്ച് വര്‍ഷം; രാജുവിന്‍റെ ആഘോഷം കേക്ക് കഴിച്ച്: ഒരു ആനക്കഥ

August 8, 2019

മനുഷ്യര്‍ മാത്രമല്ല ഭൂമിയുടെ അവകാശികള്‍. പുല്ലും പുഴുവും കാടും മേടും സകല ജീവജാലങ്ങളും ഭൂമിയില്‍ അവകാശമുള്ളവര്‍ തന്നെയാണ്. എന്നാല്‍ മനുഷ്യന്റെ കരാളഹസ്തങ്ങള്‍ പലപ്പോഴും മറ്റ് അവകാശികളെ അനുവദിക്കാറില്ല എന്നതാണ് സത്യം. സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ഒരു ആനക്കഥ. കൊടുക്രൂരതയുടെ നാളുകളില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ നല്ല ദിവസങ്ങള്‍ ആഘോഷിക്കുന്ന രാജു എന്ന ആനയുടെ കഥ.

കാലില്‍ മൂര്‍ച്ചയുള്ള ഇരുമ്പാണികള്‍ നിറഞ്ഞ ചങ്ങല, നടക്കാന്‍ മടിക്കുമ്പോള്‍ തോട്ടി മുനകൊണ്ടുള്ള കുത്ത്, ഭക്ഷണമില്ല, വേദനിയ്ക്കുമ്പോള്‍ മരുന്നില്ല… അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള രാജുവിന്റെ അവസ്ഥ ഇങ്ങനെ… നാല്‍പതിലധികം പ്രായമുള്ള ആനയാണ് രാജു. ഉത്തര്‍പ്രദേശില്‍. തെരുവുകളില്‍ ഭിക്ഷ യാജിക്കുന്ന ഒരാളായിരുന്നു രാജുവിന്റെ ഉടമ. അയാള്‍ രാജുവിനെയും തെരുവിലിറക്കാറുണ്ടായിരുന്നു. അസഹനീയമായിരുന്നു അയാള്‍ക്കൊപ്പമുള്ള രാജുവിന്റെ ജീവിതം.

അങ്ങനെയിരിയ്‌ക്കെ ഒരു ദിവസം വൈല്‍ഡ് ലൈഫ് എസ്ഒഎസ് എന്ന കൂട്ടായ്മ തെരുവില്‍ തളര്‍ന്നുകിടക്കുന്ന രാജുവിനെ കണ്ടു. അസുഖബാധിതനായിരുന്നു അന്ന് രാജു. എന്നാല്‍ ഉടമ അയാള്‍ക്ക് മരുന്നുകള്‍ ഒന്നും നല്‍കിയതുമില്ല. ഒടുവില്‍ സര്‍ക്കാറിന്റെ അനുമതിയോടുകൂടി വൈല്‍ഡ് ലൈഫ് എസ്ഒഎസ് സംഘം രാജുവിനെ ആ കൊടുക്രൂരതകളില്‍ നിന്നും മോചിപ്പിച്ചു, കൂടെക്കൂട്ടി.

Read more:നാനോ കാറിനെ ഹെലികോപ്റ്ററാക്കി: കൈയടിച്ച് സോഷ്യല്‍മീഡിയ: വീഡിയോ

മഥുരയിലെ എലഫന്റ് കണ്‍സര്‍വേഷന്‍ ആന്‍ഡ് കെയര്‍ സെന്ററിലേക്കാണ് രാജു എത്തിയത്. ഇഷ്ടംപോലെ ഭക്ഷണം, ആവശ്യത്തിന് മരുന്ന്. എന്തിനേറെ പറയുന്നു കുളിക്കാന്‍ തൊട്ടടുത്ത് ഒരു കുളം പോലും അവിടെ രാജുവിനായി സജ്ജം. അസുഖങ്ങളൊക്കെ മാറിയ രാജു ഇന്ന് കെയര്‍ സെന്ററിലെ ഏവരുടെയും പ്രിയപ്പെട്ട ആനയാണ്.

സന്തോഷത്തിലേയ്ക്കുളള രാജുവിന്റെ മടങ്ങിവരവിന്റെ അഞ്ചാം വാര്‍ഷികം കാര്യമായി തന്നെ ആഘോഷിക്കപ്പെട്ടു. കെയര്‍ സെന്റര്‍ രാജുവിന് വേണ്ടി ഒരു സ്‌പെഷ്യല്‍ കേക്ക് തന്നെ റഡിയാക്കി. തണ്ണിമത്തനും മത്തങ്ങയും കരിമ്പും പഴങ്ങളും വേവിച്ച പരിപ്പുമടക്കം രാജുവിന്റെ ഇഷ്ടവിഭവങ്ങളെല്ലാം ചോര്‍ത്ത മനോഹരമായ ഒരു കേക്ക്. കേക്ക് ആസ്വദിച്ച് കഴിച്ചുകൊണ്ട് രാജു തന്റെ രക്ഷപെടലിന്റെ അഞ്ചാം വാര്‍ഷികവും ആഘോഷിച്ചു. എന്തായാലും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടിയിരിക്കുകയാണ് രാജു എന്ന ആനയുടെ കഥ. ജൂലൈ യില്‍ ആയിരുന്നു രാജുവിന്‍റെ പിറന്നാള്‍ ആഘോഷം. എന്നാല്‍  ആഘോഷവീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോഴും ശ്രദ്ധേയമാകുന്നു.