ഡ്രൈവര്‍ സീറ്റില്‍ ആളില്ല, കാര്‍ തനിയെ പാര്‍ക്ക് ചെയ്തു: ത്രില്ലടിച്ച് സച്ചിന്‍: വീഡിയോ

August 5, 2019

ക്രിക്കറ്റ് ലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരമാണ് സച്ചിന്‍ തെന്‍ഡൂല്‍ക്കര്‍. ബാറ്റിങില്‍ താരം വിസ്മയം തീര്‍ക്കുമ്പോള്‍ ഗാലറികള്‍ എക്കാലത്തും ആര്‍പ്പുവിളികള്‍ക്കൊണ്ട് നിറഞ്ഞിരുന്നു. ലോകംകണ്ട മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് സച്ചിന്‍. കളിക്കളത്തിനു പുറത്തെ സച്ചിന്‍ തെന്‍ഡൂല്‍ക്കറിന്റെ ചില വിനോദങ്ങളും പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ട്വിറ്ററില്‍ സച്ചിന്‍ പങ്കുവച്ച ഒരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഡ്രൈവറില്ലാക്കാര്‍ സ്വയം പാര്‍ക്ക് ചെയ്യുന്ന വീഡിയോയാണ് താരം പങ്കുവച്ചത്.

‘വളരെ സ്‌പെഷ്യലായ ഒരു കാര്യമാണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്. നോക്കൂ, ഈ കാര്‍ സ്റ്റാര്‍ട്ട് ആണ്. പക്ഷെ ഡ്രൈവര്‍ സീറ്റില്‍ ആളില്ല. ഈ കാര്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റുമോ എന്നാണ് ഞാന്‍ നോക്കുന്നത്. ഡ്രൈവറില്ലാത്ത എന്റെ ആദ്യ പാര്‍ക്കിങ് ശ്രമമാണ് ഇതെന്നും സച്ചിന്‍ വീഡിയോയില്‍ പറയുന്നു. കാര്‍ നന്നായി പാര്‍ക്ക് ചെയ്തതിനു ശേഷം സച്ചിന്‍ സന്തോഷിക്കുന്നതും വീഡിയോയില്‍ കാണാം.


വാഹനങ്ങളോടുള്ള സച്ചിന്റെ പ്രണയവും നേരത്തെ മുതല്‍ക്കെ പ്രശസ്തമാണ്. 119 വര്‍ഷത്തെ പഴക്കമുള്ള കാര്‍ ഓടിക്കുന്നതിന്റെ വീഡിയോയും അടുത്തിടെ താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ലോകത്തെ ആദ്യകാല കാറുകളിലൊന്നായ 1900 ഡയ്മലറാണ് സച്ചിന്‍ ഓടിച്ചത്. മെഴ്‌സിഡസ് ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന ആദ്യകാല കാറുകളിലൊന്നാണ്. മണിക്കൂറില്‍ 38.62 കിലോമീറ്ററാണ് ഈ കാറിന്റെ ഏറ്റവും ഉയര്‍ന്ന വേഗം.

Read more:കുസൃതിച്ചിരിയോടെ നസ്രിയ; കൈയില്‍ പുഞ്ചിരി തൂകി ജൂനിയര്‍ സൗബിന്‍; വീഡിയോ

മുംബൈയിലെ ഒരു സാരസ്വത് ബ്രാഹ്മിന്‍ കുടുംബത്തില്‍ 1973 നായിരുന്നു സച്ചിന്റെ ജനനം. അച്ഛനായ രമേഷ് തെണ്ടൂല്‍ക്കര്‍ മറാത്തി സാഹിത്യകാരന്‍കൂടിയായിരുന്നു. തനിക്ക് പ്രിയപ്പെട്ട സംഗീത സംവിധായകനായ സച്ചിന്‍ ദേവ് ബര്‍മ്മന്റെ പേരിലെ സച്ചിന്‍ എന്ന പേര് അദ്ദേഹം തന്റെ മകന് നല്‍കി. പ്രാഥമിക വിദ്യാഭ്യാസ കാലത്ത് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ സച്ചിന്‍ പഠിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനിടയില്‍ എംആര്‍എഫ് പേസ് അക്കാദമിയില്‍ നിന്നും പേസ് ബൗളിങ്ങില്‍ പരിശീലനത്തിനു ചേര്‍ന്നെങ്കിലും പരിശീലകനായ ഡെന്നീസ് ലില്ലിയുടെ നിര്‍ദ്ദേശ പ്രകാരം സച്ചിന്‍ ബാറ്റിങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. പിന്നീട് അങ്ങോട്ട് ക്രിക്കറ്റില്‍ ബറ്റുകൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്തു സച്ചിന്‍ തെണ്ടൂല്‍ക്കര്‍.

തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ അദ്ദേഹം നേടിയിട്ടുള്ള റെക്കോര്‍ഡുകളും നിരവധിയാണ്. പതിനഞ്ച് വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള സച്ചിന്റെ അരങ്ങേറ്റം. തന്റെ ആദ്യ ആഭ്യന്തര മത്സരത്തില്‍ തന്നെ 100 റണ്‍സെടുത്ത് സച്ചിന്‍ പുറത്താകാതെ നിന്നതും കൗതുകകരമാണ്. 1994 ല്‍ ന്യൂസ്ലന്‍ഡിനെതിരെ നടന്ന ഏകദിന മത്സരത്തില്‍ സച്ചിന് ഓപ്പണിങ് ബാറ്റ്‌സ്മാനായി. രണ്ട് തവണ ഇതിഹാസ താരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തെത്തിയിട്ടുണ്ട്. 2012 ഡിസംബര്‍ 23 ന് സച്ചിന്‍ തെണ്ടൂല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു. 2013 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും താരം വിടവാങ്ങി.