ഈ നിറപുഞ്ചിരിക്ക് പിന്നിലുണ്ട് മിഴി നിറയ്ക്കുന്ന ഒരു വേദനകഥ; അറിയാതെപോകരുത് ശ്യാമിനെക്കുറിച്ച്: വീഡിയോ
പലപ്പോഴും ചിലരെ അറിയാതൊന്ന് വണങ്ങിപ്പോവും. അസാധ്യമെന്നു നാം വിധി എഴുതുന്ന ചില കാര്യങ്ങള്‍ സാധ്യമാക്കുന്നവരെ, സമൂഹത്തിന് മുന്നില്‍ നന്മയുടെ വലിയ മാതൃകയാകുന്നവരെ… ഇത്തരം ഒരു മാതൃകയാണ് ശ്യാംകുമാര്‍ എന്ന പത്തൊമ്പത് വയസുകാരന്.
മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് അവശ്യസാധനങ്ങള്‍ ശേഖരിക്കുന്ന തിരുവനന്തപുരത്തെ വിമന്‍സ് കോളേജിലെ കളക്ഷന്‍ പോയിന്റില്‍വച്ചാണ് ശ്യാംകുമാര്‍ എന്ന, പ്രിയപ്പെട്ടവരുടെ ശ്യാമിനെക്കുറിച്ചറിയുന്നത്. കളക്ഷന്‍ പോയിന്റില്‍ സജീവമാണ് ശ്യാം. സ്വന്തം വേദനകളെ മറന്ന് ചുറ്റുമുള്ളവരിലേയ്ക്ക് നന്മയുടെ, സ്നേഹത്തിന്റെ പ്രകാശം പരത്തുന്നവന്‍.
ശാസ്താംപാറ സ്വദേശിയാണ് ശ്യാം. എംജി കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി. ശ്യാമിന്റെ വലത്തുകാല് ജന്മനാ മടങ്ങിയ അവസ്ഥയിലായിരുന്നു. എട്ടാം വയസില്‍ കാല് മുറിച്ചുകളഞ്ഞു.കൃത്രിമ കാലാണ് ഇപ്പോഴുള്ളത്. ശ്യാമിന്റെ കിഡ്നികളുടെ പ്രവര്‍ത്തനം 23 ശതമാനം മാത്രമാണ്.
Read more:രണ്ടര വയസുകാരി അദ്രികയ്ക്ക് മഹാരോഗത്തില്‍ നിന്നും കരകയറാന്‍ സഹായഹസ്തവുമായി ‘അനന്തരം
തന്റെ രോഗാവസ്ഥയെക്കുറിച്ച് ശ്യാം പറയുന്നതിങ്ങനെ: ‘കുറച്ച് ക്രിട്ടിക്കലാണ്. ഡയലിസിസ് സ്റ്റേജിലാണ്. കൈയില്‍ ഫിസില്‍ വെച്ചിട്ടുണ്ട്. ട്രാന്‍സ്പ്ലാന്റേഷനു വേണ്ടി തയാറെടുക്കുകയാണ്. ഈ അവസ്ഥയിലും എനിക്കെന്തെങ്കിലുംമൊക്കെ ചെയ്യണമെന്നുണ്ട്. അതുകൊണ്ടാണ് ഇവിടെ വന്ന് ഇതൊക്കെ ചെയ്യുന്നത്. എനിക്ക് മൂന്ന് കിഡ്നിയാണുള്ളത്. മൂന്നും വര്‍ക്കിങ് കണ്ടീഷന്‍ ബ്ലോക്കായി. 23 ശതമാനം മാത്രമാണ് കിഡ്നികളുടെ പ്രവര്‍ത്തനം. ഇതുവച്ചാണ് ഇങ്ങനെ ഓടി നടക്കുന്നത്.’ നിറ പുഞ്ചിരിയോടെയാണ് ശ്യാം ഈ വാക്കുകളൊക്കെ പറയുന്നത്.
കൂലിപ്പണിയാണ് ശ്യാമിന്റെ അച്ഛന്. ശ്യാമിന്റെ ഭീമമായ ചികിത്സാചെലവും. അയ്യായിരത്തിലേറെ രൂപ വേണം ശ്യാമിന്റെ ഒന്നര ആഴ്ചത്തെ മരുന്നിന്. വീട്ടില്‍ സാമ്പത്തീകമായി ഏറെ പ്രയാസമുണ്ടെന്നും ശ്യാം പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയകാലത്തും കളക്ഷന്‍ സെന്ററുകളില്‍ സജീവ സാന്നിധ്യമായിരുന്നു ശ്യാം. പതിനാറ് കൊല്ലം വീട്ടിലിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായിട്ടാണ് പുറത്തേക്കിറങ്ങി തുടങ്ങിയത്. ഇനി വീട്ടിലിരിക്കാന്‍ വയ്യെന്നു ഈ പത്തൊമ്പതുകാരന് പറയുമ്പോള്‍ ആ വാക്കുകള്‍ക്ക് അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കരുത്തുണ്ട്.