സെറ്റില്‍ ഫഹദ് ഇക്കയെ ‘ഷമ്മി’ ആയിട്ടുതന്നെയാണ് കണ്ടത്: ‘കുമ്പളങ്ങി നൈറ്റ്‌സി’ലെ സിമി: വീഡിയോ

August 2, 2019

തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷകന്റെ ഉള്ളില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഏറെ മികവു പുലര്‍ത്തി. തീയറ്ററുകള്‍ വിട്ടിറങ്ങിയിട്ടും കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലെ ചില രംഗങ്ങളും കഥാപാത്രങ്ങളുമെല്ലാം പ്രേക്ഷകര്‍ക്ക് ഒപ്പം കൂടി. സിനിമയിലെ എടുത്തുപറയേണ്ട ഒരു കഥാപാത്രമാണ് ഫഹദ് ഫാസില്‍ അവതരിപ്പിച്ച ‘ഷമ്മി’. അത്രമേല്‍ ജനപ്രീതി നേടിയിരുന്നു ഈ കഥാപാത്രം. ഇപ്പോഴിതാ കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ ഫഹദ് ഫാസിലിനെ അദ്ദേഹം അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രമായിട്ടുതന്നെയാണ് കണ്ടെതെന്ന് പറയുകയാണ് ഷമ്മിയുടെ ഭാര്യ സിമിയെ അവതരിപ്പിച്ച ഗ്രേസ് ആന്റണി. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട ഒരു പ്രൊമോ വീഡിയോയിലാണ് ഗ്രേസിന്റെ ഈ വാക്കുകള്‍.

കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ‘ഷമ്മി’ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫഹദ് ഫാസിലിന്റെ അഭിനയത്തെ പ്രശംസിച്ചുകൊണ്ടും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. തീയറ്ററുകളിലെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും ഷമ്മിയും കുമ്പളങ്ങി നൈറ്റ്‌സും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നുണ്ട്.

Read more:‘എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ’; മനോഹരമായ ഈ പ്രണയത്തെക്കുറിച്ച്

മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഫഹദ് ഫാസില്‍ സൗബിന്‍ സാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തിലെ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.