ഒരു കാല്‍ ഇല്ല, ഗുരുതരമായ കിഡ്‌നി രോഗമാണ്; അതിജീവനത്തിനായി ചിരിച്ചുകൊണ്ട് പോരാടുന്ന ശ്യാമിന്‍റെ ചികിത്സ ഏറ്റെടുത്ത് സര്‍ക്കാര്‍

August 17, 2019

പലപ്പോഴും ചിലരെ അറിയാതൊന്ന് വണങ്ങിപ്പോവും. അസാധ്യമെന്നു നാം വിധി എഴുതുന്ന ചില കാര്യങ്ങള്‍ സാധ്യമാക്കുന്നവരെ, സമൂഹത്തിന് മുന്നില്‍ നന്മയുടെ വലിയ മാതൃകയാകുന്നവരെ… ഇത്തരം ഒരു മാതൃകയാണ് ശ്യാംകുമാര്‍ എന്ന പത്തൊമ്പത് വയസുകാരന്‍.

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് അവശ്യസാധനങ്ങള്‍ ശേഖരിക്കുന്ന തിരുവനന്തപുരത്തെ വിമന്‍സ് കോളേജിലെ കളക്ഷന്‍ പോയിന്റില്‍വച്ചാണ് ശ്യാംകുമാര്‍ എന്ന, പ്രിയപ്പെട്ടവരുടെ ശ്യാമിനെക്കുറിച്ചറിയുന്നത്. കളക്ഷന്‍ പോയിന്റില്‍ സജീവമാണ് ശ്യാം. സ്വന്തം വേദനകളെ മറന്ന് ചുറ്റുമുള്ളവരിലേയ്ക്ക് നന്മയുടെ, സ്‌നേഹത്തിന്റെ പ്രകാശം പരത്തുന്നവന്‍.

ശാസ്താംപാറ സ്വദേശിയാണ് ശ്യാം. എംജി കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി. ശ്യാമിന്റെ വലത്തുകാല്‍ ജന്മനാ മടങ്ങിയ അവസ്ഥയിലായിരുന്നു. എട്ടാം വയസില്‍ കാല്‍ മുറിച്ചുകളഞ്ഞു.കൃത്രിമ കാലാണ് ഇപ്പോഴുള്ളത്. ശ്യാമിന്റെ കിഡ്‌നികളുടെ പ്രവര്‍ത്തനം 23 ശതമാനം മാത്രമാണ്.

തന്റെ രോഗാവസ്ഥയെക്കുറിച്ച് ശ്യാം പറയുന്നതിങ്ങനെ: ‘കുറച്ച് ക്രിട്ടിക്കലാണ്. ഡയലിസിസ് സ്റ്റേജിലാണ്. കൈയില്‍ ഫിസില് വെച്ചിട്ടുണ്ട്. ട്രാന്‍സ്പ്ലാന്റേഷനു വേണ്ടി തയാറെടുക്കുകയാണ്. ഈ അവസ്ഥയിലും എനിക്കെന്തെങ്കിലുംമൊക്കെ ചെയ്യണമെന്നുണ്ട്. അതുകൊണ്ടാണ് ഇവിടെ വന്ന് ഇതൊക്കെ ചെയ്യുന്നത്. എനിക്ക് മൂന്ന് കിഡ്‌നിയാണുള്ളത്. മൂന്നും വര്‍ക്കിങ് കണ്ടീഷന്‍ ബ്ലോക്കായി. 23 ശതമാനം മാത്രമാണ് കിഡ്‌നികളുടെ പ്രവര്‍ത്തനം. ഇതുവച്ചാണ് ഇങ്ങനെ ഓടി നടക്കുന്നത്.’ നിറ പുഞ്ചിരിയോടെയാണ് ശ്യാം ഈ വാക്കുകളൊക്കെ പറയുന്നത്.

കൂലിപ്പണിയാണ് ശ്യാമിന്റെ അച്ഛന്. ശ്യാമിന്റെ ഭീമമായ ചികിത്സാചെലവും. അയ്യായിരത്തിലേറെ രൂപ വേണം ശ്യാമിന്റെ ഒന്നര ആഴ്ചത്തെ മരുന്നിന്. വീട്ടില്‍ സാമ്പത്തീകമായി ഏറെ പ്രയാസമുണ്ടെന്നും ശ്യാം പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയകാലത്തും കളക്ഷന്‍ സെന്ററുകളില്‍ സജീവ സാന്നിധ്യമായിരുന്നു ശ്യാം. പതിനാറ് കൊല്ലം വീട്ടിലിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായിട്ടാണ് പുറത്തേക്കിറങ്ങി തുടങ്ങിയത്. ഇനി വീട്ടിലിരിക്കാന്‍ വയ്യെന്നു ഈ പത്തൊമ്പതുകാരന്‍ പറയുമ്പോള്‍ ആ വാക്കുകള്‍ക്ക് അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കരുത്തുണ്ട്.

ശ്യാകുമാറിന് സഹായ ഹസ്തമൊരുക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ശ്യാമിന് ശസത്രക്രിയ ആവശ്യമായ വരുന്ന സാഹചര്യത്തില്‍ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ശ്യാമിനെക്കുറിച്ച് വളരെ മനോഹരമായൊരു കുറിപ്പും ആരോഗ്യ മന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കൃത്രിമ കാലുപയോഗിച്ച് തന്നാലാവും വിധം പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യസാധനങ്ങള്‍ കയറ്റി അയക്കുന്ന ശ്യാംകുമാറെന്ന എം.ജി കോളേജ് വിദ്യാര്‍ഥിയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിയാന്‍ സാധിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കിഡ്‌നി സംബന്ധമായ ഗുരുതര രോഗത്തിന് ചികിത്സ തേടുന്ന ആ ചെറുപ്പകാരനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി അപ്പോള്‍ തന്നെ ശ്യാമിനെ ചികിത്സിക്കുന്ന ഡോക്ടറുമായി ബന്ധപ്പെടുകയും ചികിത്സാകാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

എന്നെ ഏറ്റവും കൂടുതല്‍ അമ്പരപ്പിച്ചത് ശ്യാംകുമാറിനെ ചികിത്സിക്കുന്ന ഡോക്ടറുടെ വാക്കുകളായിരുന്നു. ഡോക്ടറുടെ വാക്കുകള്‍ ഇങ്ങനെ

‘ശ്യാംകുമാര്‍ എന്നെ എന്നും അതിശയിപ്പിച്ചുകൊണ്ടിരിക്കുന്ന ചെറുപ്പക്കാരനാണ്. ഇത്രയും പോസിറ്റീവ് ആയ ഒരു രോഗിയെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. മറ്റു രോഗികളോട് ഇടപഴകും പോലെയല്ല ശ്യാംകുമാറിനോട് സംസാരിക്കുമ്പോള്‍, ആ ചെറുപ്പക്കാരന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് മറ്റുള്ളവര്‍ക്ക് മാതൃകയാണ്. ശരിക്കും ഒരു ഡോക്ടറെന്ന നിലയില്‍ എനിക്ക് അഭിമാനമുണ്ട്’.

വളരെയധികം ആവേശത്തോടു കൂടിയാണ് ഡോക്ടര്‍ ശ്യാമിനെ കുറിച്ച് പറഞ്ഞു നിര്‍ത്തിയത്. ഈ ശാരീരിക ക്ലേശങ്ങള്‍ക്കിടയിലും ശ്യാം സൈക്ലിംഗ് നടത്തുമെന്നതും എന്നെ ഏറെ വിസ്മയിപ്പിച്ചു. തികഞ്ഞ ഇച്ഛാശക്തിയാണ് ശ്യാമിന്റെ പ്രത്യേകത. അത് തന്നെയാണ് ഈ ചെറുപ്പക്കാരന്റെ കരുത്തും എന്ന് മനസിലാക്കാന്‍ സാധിച്ചു.

രോഗവിവരങ്ങളെക്കുറിച്ച് ഏറെനേരം ഡോക്ടറുമായി സംസാരിച്ചു. ശ്യാമിന്റെ എല്ലാ ചികിത്സയും സൗജന്യമായി നല്‍കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശസ്ത്രക്രിയ ആവശ്യമായി വരുന്ന സാഹചര്യത്തില്‍ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുകയും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ശ്യാമിന്റെ രോഗം എത്രയും പെട്ടെന്ന് ഭേദമാവട്ടെയെന്നും, ഇനിയും കൂടുതല്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവാന്‍ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും ആശംസിക്കുന്നു.