പ്രിയപ്പെട്ട അധ്യാപകനെ കെട്ടിപിടിച്ചും പൊട്ടിക്കരഞ്ഞും കുട്ടികൾ; കണ്ണീരോടെ വിദ്യാർത്ഥികളെ ആശ്വസിപ്പിച്ച് അധ്യാപകൻ, സ്നേഹ വീഡിയോ

വിദ്യയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്ന അധ്യാപകർ വിദ്യാർത്ഥികൾക്ക് എന്നും പ്രിയപ്പെട്ടവരാണ്. ഏറ്റവും പ്രിയപെട്ടവർ എന്നും കൂടെയുണ്ടാകാനാണ് എല്ലാവരും ആഗ്രഹിക്കുന്നതും. പ്രിയപെട്ടവരുടെ യാത്രപറച്ചിലുകൾ എന്നും വേദനാജനകമാണ്. ഇപ്പോഴിതാ സ്കൂളിൽ നിന്നും വിദ്യാർത്ഥികളെ പിരിഞ്ഞ് പോകുന്ന ഒരു അധ്യാപകനെ കെട്ടിപിടിച്ച് കരയുന്ന കുട്ടികളുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.
മധ്യപ്രദേശിലെ തമലിയ എന്ന ഗ്രാമത്തിലെ മങ്കല്‍ ദീന് പട്ടേല്‍ എന്ന അധ്യാപകൻ ട്രാൻസ്ഫറായി പോകുമ്പോൾ അദ്ദേഹത്തെ കെട്ടിപിടിച്ച് കരയുന്ന വിദ്യാർത്ഥികളുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. നിറകണ്ണുകളോടെ കുട്ടികളുടെ തലയിൽ കൈവച്ച് അനുഗ്രഹിക്കുന്ന അധ്യാപകന്റെ ദൃശ്യങ്ങളും കാഴ്ചക്കാരുടെ കണ്ണുനിറയ്ക്കും. ആരോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം നിരവധിപേരാണ് പങ്കുവച്ചിരിക്കുന്നത്.