ചരിത്രം സൃഷ്ടിക്കാൻ ‘സൈറാ നരസിംഹ റെഡ്ഡി’; ഒരുങ്ങുന്നത് വമ്പൻ ചിത്രം
ചിരഞ്ജീവി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൈറാ നരസിംഹ റെഡ്ഡി.’ സ്വാതന്ത്യ സമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ വേഷമിടുന്നത്. 250 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.
ചിത്രത്തിൽ സിദ്ദമ്മ എന്ന രാജകുമാരിയുടെ വേഷത്തിൽ നയൻതാരയും എത്തുന്നുണ്ട്. തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവിയും ബിഗ്ബി അമിതാഭ് ബച്ചനും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രായൽസീമയിലെ സ്വാതന്ത്ര സമര സേനാനിയായ ഉയ്യാലവാട നരസിംഹ റെഡ്ഡി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി അവതരിപ്പിക്കുന്നത്. ചിരഞ്ജീവിയുടെ ഗുരുവിന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ എത്തുന്നത്.
സുരീന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, ജഗപതി ബാബു, കിച്ചാ സുദീപ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലും റിലീസ് ചെയ്യും.
Read also: ‘ഒരു കഥ സൊല്ലട്ടുമാ’; ‘വിക്രം വേദ’യാകാൻ ആമിറും സെയ്ഫും
ചിത്രത്തിനായി വിജയ് സേതുപതി സന്യാസിയുടെ വേഷത്തിലെത്തുന്ന ചിത്രങ്ങളും നേരത്തെ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ചരിത്ര സിനിമയായ സെയ് റാ നരസിംഹ റെഡ്ഡി ആക്ഷൻ രംഗങ്ങള്‍ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ യുദ്ധ രംഗത്തിനു മാത്രം 55 കോടി രൂപയാണ് ചിലവിടുന്നതെന്നാണ് സൂചന. ചിത്രത്തിനായി സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്.