ഇന്ദിരാ ഗാന്ധിയായി വിദ്യാ ബാലന്‍; വെബ് സീരീസ് ഒരുങ്ങുന്നു

August 20, 2019

ഇന്ത്യയുടെ ഉരുക്കു വനിത ഇന്ദിരാ ഗാന്ധിയായി വിദ്യാ ബാലന്‍ എത്തുന്നു. വെബ് സീരീസിലാണ് താരം ഇന്ത്യയുടെ കരുത്തുറ്റ പ്രധാന മന്ത്രിമാരിലൊരാളായ ഇന്ദിരാ ഗാന്ധിയായെത്തുന്നത്. ലഞ്ച് ബോക്‌സ് എന്ന സിനിമയുടെ സംവിധായകന്‍ റിതേഷ് ബത്രയാണ് വെബ് സീരീസിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

സാഗരിക ഗോസിന്റെ ‘ഇന്ദിര; ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് വെബ് സീരീസ് ഒരുങ്ങുന്നത്. വിദ്യാ ബാലന്‍ ഈ പുസ്തകത്തിന്റെ പകര്‍പ്പ് അവകാശം സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ ചലച്ചിത്രത്തിന് പുറത്ത് വെബ് സീരീസില്‍ അരങ്ങേറ്റം കുറിക്കുകയാണ് വിദ്യാ ബാലന്‍. റോണി സ്‌ക്രൂവാലാണ് വെബ്‌സീരീസിന്റെ നിര്‍മ്മാണം.

Read more:‘നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ’; കമന്‍റിന് അനു സിത്താര നല്‍കിയ മറുപടി ശ്രദ്ധേയമാകുന്നു

അതേസമയം അക്ഷയ് കുമാര്‍ നായകനായെത്തുന്ന ‘മിഷന്‍ മംഗള്‍’ എന്ന ചിത്രമാണ് വിദ്യാ ബാലന്റേതായി അവസാനമിറങ്ങിയത്. ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമാക്കിയുള്ള ചിത്രമാണ് ഇത്. ജഗന്‍ ശക്തിയാണ് ചിത്രത്തിന്റെ സംവിധായകന്‍. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഐഎസ്ആര്‍ഒയുടെ മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്റെ കഥയാണ് മിഷന്‍ മംഗള്‍ എന്ന സിനിമയ്ക്ക് പ്രചോദനമായിരിക്കുന്നത്. അതേസമയം മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ പ്രൊജക്ടിന്റെ ഭാഗമായിട്ടുള്ള വനിതാ എഞ്ചിനിയര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കുമുള്ള ആദരവ് കൂടിയാണ് മിഷന്‍ മംഗള്‍ എന്ന സിനിമ. സോനാക്ഷി സിന്‍ഹ, തപ്‌സി, നിത്യ മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.