‘ഒരു കഥ സൊല്ലട്ടുമാ’; ‘വിക്രം വേദ’യാകാൻ ആമിറും സെയ്‌ഫും

August 3, 2019

‘ഒരു കഥ സൊല്ലട്ടുമാ ??? തമിഴകത്തും മോളിവുഡിലും  ഒരുപോലെ സൂപ്പർ ഹിറ്റായി മാറിയ വിക്രം വേദ എന്ന ചിത്രത്തിലെ  മനോഹരമായൊരു ഭാഗമാണിത്.  മാധവനും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളായി തകർത്തഭിനയിച്ച വിക്രം വേദ എന്ന ചിത്രം ബോളിവുഡിലേക്കും എത്തുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വിക്രം വേദയാകാൻ ഒരുങ്ങുകയാണ് ആമിർ ഖാനും സെയ്ഫ് അലി ഖാനും.

വിജയ് സേതുപതി അവതരിപ്പിച്ച വേദ എന്ന കഥാപാത്രമായി ആമിര്‍ ഖാനും   മാധവന്‍ അവതരിപ്പിച്ച വിക്രം എന്ന പൊലീസുകാരനായി സെയ്ഫ് അലി ഖാനുമെത്തുമെന്ന് സൂചന.

തമിഴിലെ ചിത്രം സംവിധാനം ചെയ്ത പുഷ്‌കര്‍-ഗായത്രി തന്നെയായിരിക്കും ബോളിവുഡ് പതിപ്പും സംവിധാനം ചെയ്യുക. നീരജ് പാണ്ഡെ നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ഹിന്ദി പതിപ്പിലും ചിത്രത്തിന്റെ പേര് വിക്രം വേദ എന്നുതന്നെയായിരിക്കുമെന്നാണ് സൂചന.

2017 ലാണ് വിക്രം വേദ തമിഴിൽ റിലീസ് ചെയ്‌തത്‌. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം വിക്രമാദിത്യന്റെയും വേതാളത്തിന്റെയും കഥയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ആക്ഷൻ ചിത്രമായിരുന്നു.

Read also: വിനീത് ശ്രീനിവാസന്റെ ശബ്ദമാധുര്യത്തിൽ ഒരു മനോഹര പ്രണയഗാനം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അതേസമയം ആമിര്‍ ഖാൻ  ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ‘ലാല്‍ സിങ്ങ് ച’ദ്ദ എന്ന ചിത്രത്തിന് ശേഷം അടുത്ത വര്‍ഷമായിരിക്കും സിനിമ ആരംഭിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.  എന്തായാലും തമിഴകവും മലയാളക്കരയും ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രം ബോളിവുഡിലും മികച്ച വിജയം കൈവരിക്കുമെന്നുള്ള പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. മാധവനും വിജയ് സേതുപതിയും തകർത്തഭിനയിച്ച കഥാപാത്രങ്ങളുമായി ആമിർ ഖാനും സെയ്ഫ് അലി ഖാനും എത്തുന്നതും ഇരട്ടി സന്തോഷമാണ് സിനിമ പ്രേമികൾക്ക് സമ്മാനിക്കുന്നത്.