ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകുന്നു. വിന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരമാണ് ഇന്ന്. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്കാണ് കളി തുടങ്ങുക. അന്റിഗ്വായിലാണ് മത്സരം.
ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ ടീം ഇന്ന് കളത്തിലിറങ്ങുക. കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളുമാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍. പിന്നാലെ ചേതേശ്വര്‍ പുജാരയും വിരാട് കോഹ്ലിയും കളത്തിലിറങ്ങും. ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരായിരിക്കും ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍മാര്‍. സ്പിന്നര്‍മാരില്‍ ആര്. അശ്വിന്, കുല്‍ദീപ് യാദവ് എന്നിവരില്‍ ഒരാള്‍ക്ക് അവസരം ലഭിയ്ക്കാനാണ് സാധ്യത.
2002-ലാണ് ഇന്ത്യയ്ക്കെതിരെ വിന്‍ഡീസ് പരമ്പര നേടിയത്. അതിനു ശേഷം നടന്നിട്ടുള്ള എല്ലാ പരമ്പരകളിലും ഇന്ത്യ തന്നെയാണ് നേട്ടം കൊയ്തത്.
അതേസമയം ഏകദിന, ടി20 പരമ്പരകളിലെ തോല്‍വിക്ക് ശേഷം ടെസ്റ്റില്‍ വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിന്‍ഡീസ് പട പോരാട്ടത്തിനിറങ്ങുന്നത്. ഷായ് ഹോപ്പ്, ജോണ്‍ ക്യാമ്പ്ബെല്‍, ഷിമ്രോണ്‍ ഹെറ്റ്മയര്‍ എന്നിവരുടെ കരുത്തിലാണ് വിന്‍ഡിസ് കളത്തിലിറങ്ങുക.
അതേസമയം ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ ആവേശകരമാക്കുക എന്നതാണ് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലൂടെ ഐസിസി ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിലെ ലോക ചാമ്പ്യന്മാരെ കണ്ടെത്താന്‍ രണ്ട് വര്‍ഷത്തോളം കാത്തിരിയ്ക്കണം. 2019 ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021 ജൂണിലാണ് അവാസാനിക്കുക.
ടെസ്റ്റ് പദവിയുള്ള ഒമ്പത് ടീമുകളാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റുമുട്ടുക. ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലന്‍ഡ്, പാകിസ്താന്, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് ടീമുകള്‍. രണ്ട് വര്‍ഷംകൊണ്ട് 27 സീരീസുകളിലായി 71 ടെസ്റ്റ് മത്സരങ്ങള്‍ ഈ ടീമുകള്‍ കളിയ്ക്കും. 2021 ല്‍ നടക്കുന്ന ഫൈനല്‍ പോരാട്ടത്തിനൊടുവില്‍ അറിയാം, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ചൂടുന്ന ടീമിനെ.