ചലച്ചിത്ര നടന്‍ സത്താര്‍ അന്തരിച്ചു

September 17, 2019

മലയാള ചലച്ചിത്ര ലോകത്തെ പ്രശസ്ത താരം സത്താര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സത്താര്‍.

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും സത്താര്‍ അഭിനയിച്ചിട്ടുണ്ട്. നായകനായും പ്രതിനായകനായുമെല്ലാം വെള്ളിത്തിരയില്‍ അഭിനയ വിസ്മയം തീര്‍ത്ത താരമാണ് കാലയവനികയ്ക്ക് പിന്നില്‍ മറയുന്നത്.

1975-ല്‍ എം കൃഷ്ണന്‍ നായര്‍ സംവിധാനം നിര്‍വ്വഹിച്ച ‘ഭാര്യയെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേയ്ക്കുള്ള സത്താറിന്റെ അരങ്ങേറ്റം. 1976-ല്‍ വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം നിര്‍വ്വഹിച്ച അനാവരണം എന്ന സിനിമയിലൂടെ നായകനായും സത്താര്‍ അരങ്ങേറ്റം കുറിച്ചു. 148-ഓളം സിനിമകളില്‍ വിത്യസ്ത കഥാപാത്രങ്ങളെ സത്താര്‍ അവതരിപ്പിച്ചിട്ടുണ്ട്. 2014-ല്‍ പുറത്തിറങ്ങിയെ ‘പറയാന്‍ ബാക്കിവച്ചത്’ ആണ് സത്താര്‍ വെള്ളിത്തിരയിലെത്തിയ അവസാന ചിത്രം. ‘ബെന്‍സ് വാസു’, ‘ഈ നാട്’, ‘ശരപഞ്ചരം’, ‘അവളുടെ രാവുകള്‍’ തുടങ്ങി എണ്‍പതുകളിലെ ഹിറ്റ് ചിത്രങ്ങളിലെല്ലാം സത്താര്‍ അഭിനയിച്ചിട്ടുണ്ട്.

സംസ്‌കാരം ഇന്ന്(ചൊവ്വാഴ്ച) വൈകിട്ട് നാല് മണിക്ക് പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍.