ആസ്വാദക ഹൃദയങ്ങൾ കീഴടക്കി ‘ആദ്യരാത്രി’യിലെ ‘ഓണവില്ലാണേ’ ഗാനം

September 23, 2019

പ്രേക്ഷകര്‍ ഏറെ ഇഷ്ടത്തോടെ ഏറ്റെടുത്ത ചിത്രമായിരുന്നു മലയാളികളുടെ പ്രിയതാരം ബിജു മേനോനും സംവിധായകന്‍ ജിബു ജേക്കബ്ബും ഒരുമിച്ച ‘വെള്ളിമൂങ്ങ’. ‘വെള്ളിമൂങ്ങ’യ്ക്കു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു. ‘ആദ്യരാത്രി’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കേ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് ആദ്യരാത്രി എന്ന ചിത്രത്തെ. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിനും ട്രെയ്‌ലറിനുമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചതും. ഇപ്പോഴിതാ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാകുകയാണ് ആദ്യരാത്രിയിലെ ഗാനം.

ചിത്രത്തിലെ ‘ഓണവില്ലാണേ’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ആര്‍ദ്രമായ സ്‌നേഹമാണ് പാട്ടിലുടനീളം പ്രതിഫലിയ്ക്കുന്നത്. നജീം അർഷാദ് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ തയാറാക്കിയിരിക്കുന്നത് ഡി ബി അജിത്കുമാറാണ്. മനോഹരമായ സംഗീതം പകർന്നിരിക്കുന്നത് ബിജിബാലാണ്.

സെന്‍ട്രല്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ‘ആദ്യരാത്രി’യുടെ നിര്‍മ്മാണം. ഷാരിസും ജെബിനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബിജിബാലാണ് സംഗീത സംവിധാനം. വട്ടക്കായലിന്റെ കുഞ്ഞോളങ്ങള്‍ തഴുകുന്ന ‘മുല്ലക്കര’ എന്ന കൊച്ചു ഗ്രാമത്തിലെ വിശേഷങ്ങള്‍ ഇവരിലൂടെ തുടങ്ങുന്നു എന്നു കുറിച്ചുകൊണ്ടാണ് സംവിധായകന്‍ ജിബു ജേക്കബ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. മനോജ് ഗിന്നസ്, അജു വര്‍ഗീസ്, വിജയരാഘവന്‍, ബിജു സോപാനം, സ്‌നേഹ, വീണ നായര്‍, ശോഭ, സ്‌റ്റെല്ല തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ അനശ്വര രാജനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ശ്രീജിത് നായര്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.