എഞ്ചിനിയറിങ് കോളേജിന്‍റെ കഥയുമായി ‘അലി; ശ്രദ്ധേയമായി ടൈറ്റില്‍ പോസ്റ്റര്‍

September 27, 2019

അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് മലയാളചലച്ചിത്ര രംഗം. തഴക്കവും പഴക്കവും വന്ന സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പംതന്നെ നവാഗത സംവിധായകരും പുതുമുഖ താരങ്ങളുമെല്ലാം വെള്ളിത്തിരയില്‍ കൈയടി നേടിത്തുടങ്ങിയിരിക്കുന്നു. ചലച്ചിത്ര ലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുന്നതും ഒരു നവീന ചലച്ചിത്ര സംരംഭത്തെക്കുറിച്ചുള്ള വാര്‍ത്തയാണ്.

നവാഗതനായ വിശാഖ് നന്ദു സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘അലി’. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ‘നോട്ട് യെറ്റ് വര്‍ക്കിങ്, ആം സ്റ്റില്‍ സ്റ്റഡിങ്’ എന്ന ടാഗ് ലൈനോടുകൂടിയാണ് ‘അലി’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തെത്തിയിരിക്കുന്നത്. മലയാളികളുടെ പ്രിയതാരങ്ങളായ സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട്, ഗോകുല്‍ സുരേഷ്, ലക്ഷ്മി മേനോന്‍, ശബരീഷ് വര്‍മ്മ, സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ എന്നിവര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.

സല്‍ജിത് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. വിശാഖ് നന്ദുവും സിജു സണ്ണിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ. പുതുമുഖ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ‘അലി’ എന്ന ചിത്രം ഒരുക്കുന്നതും. ഒരു എഞ്ചിനിയറിങ് കോളേജ് പശ്ചാത്തിലമാക്കി ഒരുങ്ങുന്ന ‘അലി’ കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍  ഉള്‍പ്പെടുത്താവുന്ന ചിത്രമാണ്. ഈ വര്‍ഷം നവംബര്‍ അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിയ്ക്കും. അതേസമയം ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രഖ്യാപനം.