തമിഴ് പെണ്ണായി മഞ്ജു വാര്യര്‍; അസുരന്റെ പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു

September 2, 2019

ധനുഷ് വെട്രിമാരന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘അസുരന്‍’. മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരുടെ തമിഴിലേക്കുള്ള അരങ്ങേറ്റ ചിത്രം എന്ന പ്രത്യേകതയും ‘അസുരന്‍’ എന്ന സിനിമയ്ക്കുണ്ട്. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍. മഞ്ജു വാര്യരാണ് പോസ്റ്ററിലെ മുഖ്യ ആകര്‍ഷണം. തമിഴ് പെണ്‍കൊടിയായാണ് താരം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

രണ്ട് വിത്യസ്ത ഗെറ്റപ്പുകളിലാണ് ധനുഷ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കലിപ്പു ലുക്കിലുളളതാണ് ധനുഷിന്റെ ഒരു ലുക്ക്. ശാന്ത മുഖഭാവത്തോടെയുള്ളതാണ് താരത്തിന്റെ മറ്റൊരു ലുക്ക്. അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ധനുഷ് ചിത്രത്തിലെത്തുന്നത്.

അതേസമയം ചിത്രത്തിനുവേണ്ടിയുള്ള മഞ്ജു വാര്യരുടെ മേക്ക് ഓവറും ശ്രദ്ധ നേടുന്നുണ്ട്. വട്ടപൊട്ടും കൈനിറയെ വളകളുമിട്ട് ധനുഷിനോട് ചേര്‍ന്നു നില്‍ക്കുന്ന മഞ്ജു വാര്യരുടെ പോസ്റ്റര്‍ നേരത്തെ പുറത്തെത്തിയിരുന്നു. മികച്ച സ്വീകാര്യതയാണ് ഈ പോസ്റ്ററിനും ലഭിച്ചത്. തമിഴ് നോവലിസ്റ്റ് പൂമണി രചിച്ച ‘വെക്കൈ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ‘അസുരന്‍’ ഒരുങ്ങുന്നത്.

Read more:ഇഷ്ടതാരത്തിന് കാലുകൊണ്ടു ചിത്രം വരച്ചു നല്‍കി; പ്രണവിനൊപ്പം സെല്‍ഫിയെടുത്ത് സച്ചിന്‍: കൈയടിച്ച് സോഷ്യല്‍മീഡിയ

എന്നാല്‍ ചിത്രത്തിന്റെ കഥാപ്രമേയത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനു ആണ് അസുരന്റെ നിര്‍മ്മാണം. ധനുഷ് വെട്രിമാരന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും അസുരനുണ്ട്. ബലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, സുബ്രഹ്മണ്യ ശിവ, പവന്‍, യോഗി ബാബു, ആടുകളം നരന്‍, തലൈവാസല്‍ വിജയ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഒക്ടോബര്‍ നാലിന് അസുരന്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

 

View this post on Instagram

 

#ASURAN #VETRIMAARAN #DHANUSH #KALAIPULISTHANU

A post shared by Manju Warrier (@manju.warrier) on