മനോഹരം ഈ ഗാനം; ‘പഴയ മഞ്ജു വാര്യരെ പോലെയുണ്ടല്ലോ’ എന്ന് പ്രേക്ഷകര്‍: വീഡിയോ

September 27, 2019

ധനുഷ് -വെട്രിമാരന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘അസുരന്‍’. മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരുടെ തമിഴിലേക്കുള്ള അരങ്ങേറ്റ ചിത്രം എന്ന പ്രത്യേകതയും ‘അസുരന്‍’ എന്ന സിനിമയ്ക്കുണ്ട്. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിലെ പുതിയ ഗാനം. ചിത്രത്തിലെ ‘യെന്‍ മിനുക്കി…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. ഏക്‌നാഥ് ആണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ജി വി പ്രകാശ് സംഗീതം പകര്‍ന്നിരിക്കുന്നു. തേജയ് അരുണാചലവും ചിന്‍മയിയും ചേര്‍ന്നാണ് ആലാപനം.

അതേസമയം ചിത്രത്തിനുവേണ്ടിയുള്ള മഞ്ജു വാര്യരുടെ മേക്ക് ഓവറും ശ്രദ്ധ നേടുന്നുണ്ട്. അതേസമയം 1998-ല്‍ പുറത്തിറങ്ങിയ കന്മദം എന്ന ചിത്രത്തിലെ മഞ്ജു വാര്യര്‍ അവതരിപ്പിച്ച ഭാനു എന്ന കഥാപാത്രത്തെ ഓര്‍മ്മ വരുന്നുണ്ടെന്നാണ് കൂടുതല്‍ ആളുകളും താരത്തിന്റെ പുതിയ മെയ്ക്ക് ഓവറിന് നല്‍കുന്ന കമന്റ്. തമിഴ് നോവലിസ്റ്റ് പൂമണി രചിച്ച ‘വെക്കൈ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ‘അസുരന്‍’ ഒരുങ്ങുന്നത്.

Read more:കാറ്റും വെളിച്ചവും കിട്ടാന്‍ വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ തുറന്ന് യുവതി: വീഡിയോ

വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനു ആണ് അസുരന്റെ നിര്‍മ്മാണം. ധനുഷ് വെട്രിമാരന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും അസുരനുണ്ട്. ബലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, സുബ്രഹ്മണ്യ ശിവ, പവന്‍, യോഗി ബാബു, ആടുകളം നരന്‍, തലൈവാസല്‍ വിജയ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഒക്ടോബര്‍ നാലിന് അസുരന്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.