‘താലോലം തുമ്പിപ്പെണ്ണേ..’ മനോഹരം ഈ ഗാനം; വീഡിയോ

September 3, 2019

ഓണത്തോടനുബന്ധിച്ച് പുറത്തിറങ്ങുന്ന പൃഥ്വിരാജ് ചിത്രമാണ് ബ്രദേഴ്‌സ് ഡേ. ഹാസ്യ കഥാപാത്രമായും വില്ലനായുമെല്ലാം വെള്ളിത്തിരയില്‍ അഭിനയ വസന്തം തീര്‍ത്ത മലയാളികളുടെ പ്രിയ താരം കലഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു മനോഹര ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘താലോലം തുമ്പിപ്പെണ്ണേ..’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങൾക്കും ട്രെയ്‌ലറിനുമെല്ലാം മികച്ച സ്വീകാര്യതാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജ് പ്രേം നസീറിനെ അനുകരിക്കുന്ന രസകരമായ രംഗങ്ങളടങ്ങുന്നതാണ് ടീസര്‍. അടി, ഇടി, ഡാന്‍സ്, ബഹളം എന്നിവയെല്ലാം ചിത്രത്തിലുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ നേരത്തെതന്നെ പൃഥ്വിരാജ് കുറിച്ചിരുന്നു. ‘ബ്രദേഴ്‌സ് ഡേ’ എന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നതും കലാഭവന്‍ ഷാജോണ്‍ തന്നെയാണ്.

ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. പ്രയാഗ മാര്‍ട്ടിന്‍, മിയ, മഡോണ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടിയുള്ള പൃഥ്വിരാജിന്റെ മെയ്ക്ക് ഓവറും ചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. കട്ടത്താടിയുള്ള ലുക്കാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റേത്.