ബസിൽ ഒരു കിടിലൻ സ്വിമ്മിങ് പൂൾ; വൈറലായി ചിത്രങ്ങൾ

September 24, 2019

റോഡരികിലും പൊലീസ് സ്റ്റേഷൻ പരിസരങ്ങളിലും കാടുപിടിച്ചും തുരുമ്പ് പിടിച്ചുമൊക്കെയായി നിർത്തിയിട്ടിരിക്കുന്ന നിരവധി വാഹനങ്ങൾ കാണാറില്ലേ..? ഉപയോഗശൂന്യമായി കിടക്കുന്ന ഇത്തരം വാഹനങ്ങൾ എന്തെങ്കിലുമൊക്കെ ചെയ്യാൻ ഉപയോഗിച്ചുകൂടെയെന്ന് നമ്മളിൽ പലരും ചിന്തിച്ചിട്ടുണ്ടാവില്ലേ.? പലരോടും ഈ ആശങ്ക പ്രകടിപ്പിച്ചിട്ടുമുണ്ടാവാം. എന്നാൽ ഇതൊക്കെ എന്ത് ചെയ്യാനാണ് എന്നാവും പലരും പറഞ്ഞിട്ടുണ്ടാവുക.

ഇത്തരത്തിൽ ഉപയോഗശൂന്യമായിക്കിടന്നിരുന്ന ഒരു ബസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഉപയോഗശൂന്യമായികിടന്ന ബസ് ഒരു  സ്വിമ്മിങ് പൂളാക്കി മാറ്റിയിരിക്കുകയാണ് ഫ്രഞ്ച് കലാകാരനായ ബെനഡെറ്റോ ബുഫാലിനോ. ബസിന് അകത്തുണ്ടായിരുന്ന സീറ്റുകൾ എടുത്ത് മാറ്റി ബസിനകത്ത് കുറച്ച് മാറ്റങ്ങൾ വരുത്തിയാണ് ബെനഡെറ്റോ സ്വിമ്മിങ് പൂൾ ഒരുക്കിയിരിക്കുന്നത്.

‘ലെ ബസ് പിസിന്‍’ എന്നാണ് പുതിയ സ്വിമ്മിങ് പൂളിന് ബെനഡെറ്റോ പേരിട്ടിരിക്കുന്നത്. ഇതിനടുത്തായി ക്ലോക്ക് റൂമും ഷവറുമൊക്കെ ഒരുക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്ന ‘ലെ ബസ് പിസിന്’ മികച്ച പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.