ഈ ക്യാമറയിലാണ് ‘ചാണക്യനെ’ പകര്‍ത്തിയത്; പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ സിനിമയ്ക്ക് 30 വയസ്

September 3, 2019

കമല്‍ഹാസന്‍ നായകനായെത്തിയ ‘ചാണക്യന്‍’ എന്ന ചിത്രത്തിന് മുപ്പത് വയസ്സ്. മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ടി കെ രാജീവിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ചാണക്യന്‍. കമല്‍ഹാസനൊപ്പം ജയറാമും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തി. ഇപ്പോഴിതാ ചാണക്യന്‍ എന്ന ചിത്രം പകര്‍ത്തിയ ക്യാമറയ്ക്ക് ഒപ്പമുള്ള രാജീവ് കുമാറിന്റെ ചിത്രങ്ങളും ചാണക്യന്റെ പോസ്റ്ററുമെല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. ടി കെ രാജീവിന്റെ പുതിയ ചിത്രമായ കോളാമ്പിയുടെ അണിയറ പ്രവര്‍ത്തകരാണ് ചാണക്യന്‍ എന്ന ചിത്രത്തിന്റെ ഓര്‍മ്മകള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.

നിത്യാ മേനോന്‍ നായികയായി എത്തുന്ന പുതിയ ചിത്രമാണ് ‘കോളാമ്പി’. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം സംവിധായക രംഗത്തേക്ക് ടി കെ രാജീവ് കുമാര്‍ മടങ്ങി എത്തുന്ന ചിത്രം കൂടിയാണ് കോളാമ്പി. കോളാമ്പി മൈക്ക് നിരോധിച്ചതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയവരുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ചിത്രം നിര്‍മ്മിക്കുന്നത് രൂപേഷ് ഓമനയാണ്. രഞ്ജി പണിക്കര്‍, ദിലീഷ് പോത്തന്‍, രോഹിണി തുടങ്ങി നിരവധി താരനിരകള്‍ കോളാമ്പി എന്ന സിനിമയില്‍ അണിനിരക്കുന്നുണ്ട്. രവി വര്‍മ്മനാണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്.

Read more: മനോഹരമായി ഫ്ലൂട്ട് വായിച്ച് ശിഖര്‍ ധവാന്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ

ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സിനിമയില്‍ നിന്ന് ഏറെക്കാലമായി വിട്ടുനിന്ന ടി കെ രാജീവ് കുമാര്‍ സംവിധായക രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ദേശീയ ചലച്ചിത്ര പുരസ്‌കാരം, കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ രാജീവിന്റെ അവസാന ചിത്രം ‘തത്സമയം ഒരു പെണ്‍കുട്ടി’ ആയിരുന്നു. ആ ചിത്രത്തില്‍ നായികയായി എത്തിയ നിത്യ മേനോന്‍ തന്നെയാണ് പുതിയ ചിത്രത്തിലും നായികയായി എത്തുന്നത് എന്ന പ്രത്യേകതയും ‘കോളാമ്പി’യ്ക്കുണ്ട്.