ആലാപനത്തില്‍ അതിശയിപ്പിച്ച് ഹരിശങ്കര്‍; ‘വികൃതി’യിലെ ഗാനം ശ്രദ്ധേയമാകുന്നു: വീഡിയോ

September 30, 2019

ചിലരങ്ങനാണ്, എന്തു ചെയ്താലും അതെപ്പോഴും ഹിറ്റ്. ഹരിശങ്കറിന്റെ കാര്യവും അങ്ങനെ തന്നെ. കക്ഷി ഏത് പാട്ട് പാടിയാലും സൂപ്പര്‍ ഹിറ്റ്. പാട്ടില്‍ ഒരുതരം മാന്ത്രികത കൊണ്ടുവരാന്‍ ഈ ഗായകന് കഴിയുന്നു. അതുകൊണ്ടാണല്ലോ ഹരിശങ്കറിന്റെ പാട്ടുകള്‍ ആസ്വാദകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതും. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഗായകന്‍ കെ എസ് ഹരിശങ്കര്‍ ആലപിച്ച പുതിയൊരു ഗാനം. വികൃതി എന്ന ചിത്രത്തില്‍ ഹരിശങ്കര്‍ ആലപിച്ച ‘ചില്ലയിലേ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്.

സന്തോഷ് വര്‍മ്മയുടേതാണ് ഗാനത്തിന്റെ വരികള്‍. ബിജിബാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു. സൗബിന്‍ സാഹിര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് വികൃതി. നവാഗതനായ എം സി ജോസഫാണ് വികൃതി എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഒക്ടോബര്‍ നാലിന് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

Read more:കേടുവന്ന കൊതുക് ബാറ്റ് ഇനി വലിച്ചെറിയേണ്ട; റിപ്പയര്‍ ചെയ്യുന്ന വിധം ഇതാ…!

ബാബുരാജ്, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുരഭി ലക്ഷ്മി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പുതുമുഖ താരമായ വിന്‍സിയാണ് ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നത്. കട്ട് 2 ക്രിയേറ്റീവ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.