നഖം വെട്ടാതിരിക്കാന്‍ തലകറക്കം അഭിനയിച്ച് നായ: ചിരി വീഡിയോ

September 12, 2019

മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഒരു പ്രത്യേക ഇടം തന്നെയുണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍. മൃഗങ്ങളുടെയും പക്ഷികളുടെയും രസകരവും കൗതുകകരവുമായ പല വിശേഷങ്ങളും ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. പാട്ടിനൊപ്പം നൃത്തം ചെയ്ത് തത്തയും ക്യാറ്റ് വോക്ക് ചെയ്ത് പൂച്ചയുമൊക്കെ അടുത്തിടെ സൈബര്‍ ലോകത്ത് കൈയടി നേടിയിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത് ഒരു നായയാണ്.

പാട്ടും ഡാന്‍സുമൊന്നുമല്ല അഭിനയത്തിലാണ് ഈ നായ താരമായിരിക്കുന്നത്. നഖം വെട്ടലില്‍ നിന്നും രക്ഷ നേടാന്‍ തല കറങ്ങി വീഴുന്നതായി നായ അഭിനയിക്കുന്നു. നിരവധി ആളുകള്‍ നായയുടെ ഈ അഭിനയത്തെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തുന്നുണ്ട്. ഇതിനോടകം തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതും അനേകരാണ്.

നഖം വെട്ടുന്നതിന് മുമ്പ് ഉടമ നായയെ താലോലിക്കുന്നുണ്ട്. തുടര്‍ന്ന് നഖം വെട്ടുന്നതിനായി നായയുടെ മുന്‍കാല്‍ കൈയിലെടുത്തതും നായ തലകറങ്ങി നിലത്തേയ്ക്ക് വീഴുകയായിരുന്നു. ഇത് അഭിനയമാണെന്ന് ആദ്യ കാഴ്ചയില്‍ തന്നെ വ്യക്തം. എന്തായാലും സാമൂഹ്യ മാധ്യമങ്ങളില്‍ ചിരി നിറയ്ക്കുകയാണ് ഈ നായയുടെ അഭിനയം.